ചെറുതോണി: കഞ്ഞിക്കുഴിയിൽ ശക്തമായ കാറ്റിലും മഴയിലും പല വീടുകളും ഭാഗികമായും പൂർണ്ണമായും തകർന്നു. രാത്രിയിലുണ്ടായ പേമാരിയിൽ കുന്നേൽ ടോമി തോമസിന്റെ വീട് പൂർണ്ണമായും തകർന്നു. തലേദിവസം കാറ്റിലും മഴയിലും വീടിന്റെ മുൻവശത്തെ ആസ്ബറ്റോസ് ഷീറ്റ് തകർന്നിരുന്നു. അന്ന് രാത്രി 5 അംഗ കുടുംബം അയൽവാസിയുടെ വീട്ടിലാണ് അന്തിയുറങ്ങിയത്. അതിനാൽ അപകടം ഒഴിവായി.രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലുമാണ് വീടും വീട്ടുപകരണങ്ങളും പൂർണ്ണമായി തകർന്നത്. ചേലച്ചുവട് വണ്ണപ്പുറം ഹൈവേ റോഡിന്റെ സൈഡിലെ രണ്ടുസെന്റ് സ്ഥലത്തെ വീടാണ് നഷ്ടപ്പെട്ടത്. റോഡിനു വീതി കൂട്ടുമ്പോൾ പുതിയ വീടു നിർമ്മിക്കാനുള്ള സ്ഥലം ഇല്ല. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കിയാണ് കുടുംബം കഴിയുന്നത്. സ്ഥലവും വീടും നൽകണമെന്നാണ് ടോമി അധികൃതർക്ക് നൽകിയ അപേക്ഷയിലുള്ളത്. റോഷി അഗസ്റ്റിൻ എം.എൽ.എ, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻ, കഞ്ഞിക്കുഴി വില്ലേജ് ഓഫീസർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.