പെട്ടിമുടി (രാജമല): മലവെള്ളം മദിച്ചൊഴുകിയ ചെരിവിലെവിടെയോ ആഴങ്ങളുടെ കണ്ണീർക്കുമ്പിളിൽ പ്രിയദർശിനി ഉറങ്ങിക്കിടപ്പുണ്ട്. 'എല്ലാവർക്കും നല്ലതു വരുത്താൻ' പുതുവർഷത്തിൽ ലയത്തിന്റെ മുറ്റത്ത് നിറങ്ങൾ കൊണ്ട് കോലമെഴുതിയ രണ്ടാം ക്ളാസുകാരിക്കായി ഏഴു മാസത്തിനിപ്പുറം വിധി കാത്തുവച്ചിരുന്നത് മഹാദുരന്തമെന്ന് എങ്ങനെയറിയാൻ?
ആർത്തലച്ചെത്തിയ വെള്ളം ലയങ്ങളെ വാരിയെടുത്ത് താഴ്‌വരയിലേക്കു കുതിക്കുമ്പോൾ അവളുടെ കുഞ്ഞുവീടുമുണ്ടായിരുന്നു. അച്ഛൻ പ്രതീഷ്, അമ്മ കസ്തൂരി, അനുജത്തി കനിഷ്ക.... മണ്ണിനടിയിലെ മരണപ്പുതപ്പിനകത്ത് അവരുറങ്ങുന്നു. മുത്തച്ഛൻ പ്രഭുവിന്റെ മൃതദേഹം ദുരന്തപ്രതികരണ സേനാംഗങ്ങൾ കണ്ടെടുത്തു. രക്ഷിക്കാനായത് വലിയമ്മയായ പളനിയമ്മയെ മാത്രം.
2020 ന്റെ പുതുവർഷ രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടമലക്കുടി സന്ദർശനത്തിന്റെ ചിത്രമെടുക്കാൻ പോയ മാദ്ധ്യമസംഘത്തിൽ പെട്ടിമുടി വഴി മല കയറുമ്പോൾ മുറ്റത്തു നിന്ന് കിന്നാരം പറഞ്ഞ അവളെ മറക്കാനാകുന്നില്ല. ഏഴു മാസത്തിനു ശേഷം കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയുണ്ടായ ഉരുൾപൊട്ടലിന്റെ ചിത്രങ്ങളെടുക്കാൻ അതേ സ്ഥലത്ത് വീണ്ടുമെത്തുമ്പോൾ ആദ്യം തെരഞ്ഞത് കോലങ്ങൾക്കരികിലിരുന്ന് ഫോട്ടോയ്‌ക്ക് പോസ് ചെയ്ത കുരുന്നിനെ. മുറ്റമില്ല, ലയമില്ല, ഭൂപടം മാറിപ്പോയ കുന്നിൻചെരിവിൽ ആ പ്രദേശം പോലും ബാക്കിയില്ല...
അമ്മ വരച്ച കോലത്തിന് ചന്തം കൂട്ടുന്ന കുരുന്നിനോട് അന്ന് വിശേഷം ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു: 'പുതിയ കൊല്ലമല്ലേ? എല്ലാവർക്കും നല്ലതു വരുത്താനാ കോലം വരയ്ക്കുന്നത്!' ഫോട്ടോ എടുക്കട്ടേ എന്നു ചോദിച്ചപ്പോൾ കോലത്തിനരികെ ചാഞ്ഞും ചരിഞ്ഞുമിരുന്ന് പ്രിയദർശിനി റെഡി. ഡിജിറ്രൽ കാമറയിൽ ചിത്രങ്ങൾ കാട്ടിക്കൊടുത്തപ്പോൾ നാണം. ഓർമ്മകളുടെ ഫോക്കസിൽ ഇപ്പോൾ കണ്ണീർ പടരുന്നു. കാമറയിൽ, പ്രിയദർശിനിയും കോലങ്ങളുമില്ലാത്ത ഫ്രെയിമിൽ പെട്ടിമുടിയുടെ മങ്ങിയ ചിത്രം.
ഫോട്ടോ ക്യാപ്‌ഷൻ:
കണ്ണീർ മായ്‌ച നിറം: കഴിഞ്ഞ പുതുവർഷ രാവിലെ ഇടമലക്കുടിയിലേക്കുള്ള യാത്രയ്‌ക്കിടെ പെട്ടിമുടിയിലെ ലയങ്ങൾക്കു മുന്നിൽ വച്ച് കേരളകൗമുദി ഫോട്ടോഗ്രാഫർ ബാബുസൂര്യ പകർത്തിയ പ്രിയദർശിനിയുടെ ചിത്രം.