a-vijayaraghavan

മൂന്നാർ: രാജമലയിലും കരിപ്പൂരിലും ഉണ്ടായ ദുരന്തങ്ങളിൽ പ്രഖ്യാപിച്ച നഷ്ടപരിഹാരം സംബന്ധിച്ച് തമിഴ്- കേരള വിവേചനത്തിന് ഇടയാക്കുന്ന ഉത്തരവാദിത്വരഹിതമായ പ്രസ്‌താവനയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രസഹമന്ത്രി വി. മുരളീധരനും നടത്തിയതെന്ന് എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ. പെട്ടിമുടിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്ടിമുടിയിലുള്ള കൂടുതൽപേരും തമിഴ്‌വംശജരാണ്‌. വിഭാഗീയ ചിന്തഗതി വളർത്തുന്ന വിധത്തിൽ പ്രസ്‌താവന നടത്തുന്നത്‌ സ്വന്തം സ്ഥാനത്തിന്‌ ചേർന്നതാണോയെന്ന്‌ ചിന്തിക്കണം. ചെന്നിത്തലയുടെ പ്രസ്‌താവനയുടെ പ്രതിധ്വനിയാണ്‌ കേന്ദ്രമന്ത്രിയുടെ വാക്കുകൾ. ഇവർ മാപ്പുപറയണം. കരിപ്പൂരിലെയും പെട്ടിമുടിയിലെയും ദുരന്തങ്ങൾ രണ്ടു വിധത്തിലുള്ളതാണ്. പെട്ടിമുടിയിൽ നഷ്ടപരിഹാരത്തിനു പുറമെ പുനരധിവാസമടക്കം ഒരുക്കേണ്ടതുണ്ട്. ഇതെല്ലാം മറച്ചു വെച്ചാണ് പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.