കട്ടപ്പന: വഴിയരികിൽ നിർത്തിയിട്ടിരുന്ന കാർ സാമൂഹിക വിരുദ്ധർ അടിച്ചുതകർത്തു. വള്ളക്കടവ് കരിമ്പാനിപ്പടി പെരുശേരിൽ സുനിലിന്റെ മാരുതി 800 കാറാണ് ഞായറാഴ്ച രാത്രി കേടുവരുത്തിയത്. കല്ല് ഉപയോഗിച്ച് മുഴുവൻ ചില്ലുകളും തകർത്തു. കനത്ത മഴയായിരുന്നതിനാൽ കാർ വീട്ടിലേക്ക് കയറാതെ വന്നതോടെ വഴിയരികിൽ പാർക്ക് ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ ഇതുവഴിയെത്തിയ തോട്ടം തൊഴിലാളികളാണ് കാർ തകർത്ത നിലയിൽ കണ്ടത്. പതിനായിരത്തിലധികം രൂപയുടെ നഷ്ടം ഉണ്ടായി. സുനിൽ കട്ടപ്പന പൊലീസിൽ പരാതി നൽകി.