santhipalam


കട്ടപ്പന: പെരിയാറിലെ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ മ്ലാമലയിലെ ശാന്തിപ്പാലം യുവജന സംഘടനകൾ അഞ്ചു മണിക്കൂർ കൊണ്ട് പുനർ നിർമിച്ചു. ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ഓർത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനം യുവജന പ്രസ്ഥാനത്തിന്റെയും കട്ടപ്പന ഓഫ് റോഡ്‌സിന്റെയും സഹകരണത്തോടെ ഞായറാഴ്ചയായിരുന്നു നിർമാണം. വണ്ടിപ്പെരിയാർ പഞ്ചായത്തിലെ അഞ്ച് വാർഡുകളും ഏലപ്പാറ, പീരുമേട് പഞ്ചായത്തുകളിലെ രണ്ട് വീതം വാർഡുകളും ഉൾപ്പെടുന്ന മേഖലയാണ് മ്ലാമല. വെള്ളിയാഴ്ച ശാന്തിപ്പാലം തകർന്നതോടെ മ്ലാമല മേഖലയിലെ ആയിരത്തോളം കുടുംബങ്ങൾ ഒറ്റപ്പെട്ടിരുന്നു. തുടർന്ന് നാട്ടുകാർ ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ റെസ്‌ക്യു വിഭാഗത്തെ വിവരം അറിയിച്ചു.
ഞായറാഴ്ച പ്രവർത്തകർ സ്ഥലത്തെത്തി രാവിലെ 11ഓടെ ജോലികൾ തുടങ്ങി. വെള്ളത്തോടൊപ്പം ഒഴുകിയെത്തി പാലത്തിൽ അടിഞ്ഞ വലിയ മരങ്ങൾ മുറിച്ചുമാറ്റി ഒഴുക്ക് സുഗമമാക്കി. ജെ.സി.ബി. ഉപയോഗിച്ച് വലിയ പാറകൾ നീക്കി. വൈകിട്ട് നാലോടെ പാലം ഗതാഗതയോഗ്യമാക്കി ജീപ്പുകളും കാറുകളും കടന്നുപോയശേഷമാണ് പ്രവർത്തകർ മടങ്ങിയത്. ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന രക്ഷാധികാരി ഷാജി നെല്ലിപ്പറമ്പിൽ, പ്രസിഡന്റ് അഡ്വ. ജോഷി മണിമല, സെക്രട്ടറി സൂര്യലാൽ സുഗതൻ, റെസ്‌ക്യൂ വിഭാഗം കോഓർഡിനേറ്റർ സിജോ എവറസ്റ്റ്, ഓർത്തഡോക്‌സ് യുവജനപ്രസ്ഥാനം കേന്ദ്ര കമ്മിറ്റിയംഗം മാത്യു എണ്ണയ്ക്കൽ, കട്ടപ്പന ഓഫ് റോഡ്‌സ് പ്രസിഡന്റ് കെ.എം. ഉഷാനന്ദൻ, ടോമി ആനിക്കാമുണ്ട, ടി.ആർ. രജീഷ്, മഹേഷ് സോഡിയാക്, വിഷ്ണു മോഹൻ, ജിജോ ഏനാമറ്റം, എബി സെബാസ്റ്റിയൻ, ബിനോയി കല്ലോലിപറമ്പിൽ, അജു ജേക്കബ്, എബി എവറസ്റ്റ്, ജിതിൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.