മൂന്നാർ: തോട്ടം തൊഴിലാളി ലയങ്ങളെ ഇരുട്ടിൽ വിഴുങ്ങിയ രാജമല പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ നാലാം ദിനം കണ്ടെത്തിയത് ആറ് മൃതദേഹങ്ങൾ. പെട്ടിമുടിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ ഗ്രാവൽ ബാങ്ക് പ്രദേശത്ത് പുഴയിൽ നിന്നാണ് മുഴുവൻ മൃതദേഹങ്ങളും കണ്ടെത്തിയത്. വിനോദിനി (14), രാജലക്ഷ്മി (12), പ്രതീക്ഷ് (32), വേലുതായ് (58) , ജോഷ്വ (13), വിജയലക്ഷ്മി (എട്ട്) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. സമീപത്തെ പെട്ടിമുടി പുഴയിലൂടെ മൃതദേഹം ഒലിച്ചുപോയതാണെെന്നാണ് നിഗമനം. ഇതിന് മുമ്പ് മൂന്ന് മൃതദേഹങ്ങൾ പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 49 ആയി. എസ്റ്റേറ്റ് ഉടമകളായ കണ്ണൻദേവൻ കമ്പനിയുടെ കണക്കനുസരിച്ച് 22 പേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. പുഴയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ദുരന്ത നിവാരണ സേന രണ്ട് ടീമുകളായി തിരിഞ്ഞ് ലയങ്ങൾ നിന്ന സ്ഥലങ്ങളിലും പുഴകളിലുമായാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. ദുരന്ത നിവാരണ സേന, പൊലീസ്, ഫയർ ആൻ്റ് റസ്ക്യൂ എന്നിവരെ കൂടാതെ സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈകിട്ടോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. ഇന്ന് രാവിലെ വീണ്ടും തുടരും. , കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, സി. പി. ഐ അസി. സെക്രട്ടറി എ. പ്രകാശ്ബാബു എന്നിവർ ദുരന്ത മേഖല സന്ദർശിച്ചു. വ്യാഴാഴ്ച രാതി 11 മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ 12 പേർ മാത്രമാണ് രക്ഷപ്പെട്ടത്.
കൊവിഡ് ഇല്ലായിരുന്നെങ്കിൽ
ആ കുട്ടികളെങ്കിലും രക്ഷപ്പെട്ടേനെ
അഖിൽ സഹായി
മൂന്നാർ: കൊവിഡ് വ്യാപിച്ച് സ്കൂൾ ഹോസ്റ്റലുകൾ അടച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ, രാജമല പെട്ടിമുടി ദുരന്തത്തിൽ ആ പിഞ്ചോമനകൾ അകപ്പെടില്ലായിരുന്നു. 16 വയസിൽ താഴെയുള്ള 15 കുട്ടികൾ ദുരന്തത്തിൽ ഉൾപ്പെട്ടതായാണ് വിവരം. ഇവരിൽ 10 പേർ വിവിധ ഗവ. ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്നവരായിരുന്നു. ഇവർ മാസത്തിൽ ഒരിക്കലാണ് ലയങ്ങളിലേക്ക് വരാറുള്ളത്. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളും ഹോസ്റ്റലും അടച്ചതിനാൽ ഇവരെല്ലാം ലയങ്ങളിൽ തന്നെയുണ്ടായിരുന്നു. ദുരന്തത്തിലകപ്പെട്ട ആറ് കുട്ടികളുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ചിന്നക്കനാൽ എഫ്.എച്ച്.എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ സഞ്ജയ്, ജോഷ്വ, എട്ടാം ക്ലാസുകാരി സിന്ധുജ, മൂന്നാർ എൽ.എഫ്.ജി.എച്ച്.എസിലെ എട്ടാം ക്ലാസുകാരി രാജലക്ഷ്മി, ഒമ്പതാം ക്ലാസിലെ വിനോദിനി, രാജമല എ.എൽ.പി.എസിലെ മൂന്നാം ക്ലാസുകാരി വിജയലക്ഷ്മി എന്നിവരാണ് മരിച്ചത്. എട്ട് കുട്ടികളെ കണ്ടെത്താനായിട്ടില്ല.
'രാജമല സ്കൂളിലെ മൂന്നും കാർമലഗിരി സ്കൂളിലെ രണ്ടും കുട്ടികളൊഴിച്ച് ബാക്കിയെല്ലാവരും ഹോസ്റ്റലുകളിൽ നിന്നാണ് പഠിച്ചിരുന്നത്. കൊവിഡ് കാരണം ഹോസ്റ്റലുകൾ അടച്ചില്ലായിരുന്നെങ്കിൽ അവർ ഇപ്പോഴും ജീവനോടെ ഉണ്ടായേനെ".
-ഹെപ്സി,
കോ-ഓർഡിനേറ്റർ, സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ), മൂന്നാർ ബ്ലോക്ക്