tanel


ചെറുതോണി: നാരകക്കാനം മിനിഡാം ഡൈവേർഷൻ പദ്ധതിയുടെ ടണൽമുഖം അടച്ചതിനെതുടർന്ന് കാലവർഷത്തിൽ കുതിച്ചെത്തിയ വെള്ളം ഗതിമാറി ഒഴുകി. ജലസേചന വകുപ്പിന്റെ സംരക്ഷണ ഭിത്തി തകർന്നു .ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം . വീടുകൾക്ക് കേടുപാടുകളുംസംഭവിച്ചു. വറങ്ങലകുടിയിൽ ജോമി, വേലിക്കകത്ത് ഷിബു, ആനിക്കാട് അപ്പച്ചൻ,മരങ്ങാട്ടു പാപ്പച്ചൻ, കടപ്പൂര് ലാലിച്ചൻ തുടങ്ങി ഇരുപതോളം കർഷകരുടെ കൃഷിയാണ് നശിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചയിലുണ്ടായ കനത്ത മഴയിൽ ഒഴുകിയെത്തിയ മലവെള്ളം നിയന്ത്രണമില്ലാതെ കയറിയൊഴുകി.

ഒരു വർഷം മുമ്പ് ഒരു യുവാവ് ഡാമിൽ മരിക്കാനിടയായ സംഭവം വിവാദമായതോടെ ഡാമിന്റെ ടണൽ മുഖം അടച്ചിടുകയായിരുന്നു. തങ്കമണി വില്ലേജ് പരിധിയിൽ വരുന്നതാണ് സ്ഥലം. മിനിഡാം മുതൽ ഇടുക്കി ഡി.സി.സി ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലം വരെ നാലു കലോമീറ്റർ ദൂരം വരും.ഇത്രയും സ്ഥലങ്ങളിൽ നാശം വിതച്ച വെള്ളം ഒടുവിൽ പെരിയാറിൽ പതിച്ചു. നാട്ടുകാർ പ്രതഷേധവുമായി രംഗത്തുവന്നതോടെ വൈദ്യുതി ബോർഡ് ടണൽ മുഖം തുറന്നു വെള്ളം ടണലിലൂടെ കടത്തിവിട്ടുതുടങ്ങി.

വെള്ളം ഇടുക്കി

ഡാമിലേയ്ക്ക്

ഇടുക്കി അണക്കെട്ടിലേക്ക് വെള്ളംകൊണ്ടുപോകുന്നതിനായി നിർമ്മിച്ചിട്ടുള്ളതാണ് നാരകക്കാനം മിനി ഡാം. നാരകക്കാനം തോട്ടിൽ നിന്നും ഒഴുകിയെത്തുന്ന വെളളം മിനിഡാമിൽ സംഭരിച്ച് ടണലിലൂടെ ഇടുക്കി ഡാമിലെത്തിക്കുന്നതാണ് പദ്ധതി.