ചെറുതോണി : കാലവർഷം ശക്തമായതോടെ ജില്ലയിലെ മലയോര മേഖലകളിൽ നിരവധി വീടുകൾ തകർന്ന് വാസയോഗ്യമല്ലാതായി തീർന്നിരിക്കുകയാണ്. ഇവരെ അടിയന്തിരമായി പുനരധിവസിപ്പിക്കുന്നതിന് സർക്കാർ പദ്ധതി നടപ്പിലാക്കണമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ ആവശ്യപ്പെട്ടു. വീടിനഷ്ടപ്പെട്ടവർക്ക് മുൻകാലങ്ങളിൽ നാല് ലക്ഷം രൂപയാണ് അനുവദിച്ചു വരുന്നത്. നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധനവ് അനുസരിച്ചു ഈ തുക 6 ലക്ഷം ആയി ഉയർത്തണം. വീട് നഷ്ടപ്പെട്ടവരെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് നിലവിൽ വീടില്ലാതിരുന്ന അർഹരായവർക്ക് ലഭിക്കേണ്ട സഹായം നഷ്ടപ്പെടും. അതിനാൽ കാലവർഷക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്കായി പ്രത്യേക പദ്ധതി നടപ്പിലാക്കണം. വീടിന് കേടുപാട് പറ്റാത്തതും എന്നാൽ അപകട മേഖലയിലുള്ളതുമായ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള പദ്ധതി പാതിവഴിയിൽ നിലച്ചിരിക്കുന്നതിനാൽ ഒട്ടേറെ കുടുംബങ്ങൾ അനിശ്ചിതാവസ്ഥയിലാണ്.
വീട് ഭാഗികമായി തകർന്നവർക്ക് നൽകിവരുന്ന നഷ്ടപരിഹാര തുക അപര്യാപ്തമാണ്. ഇത് വർധിപ്പിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.