കട്ടപ്പന: വീണ്ടുമൊരു ആഗസ്റ്റ് മാസത്തിൽ കാലവർഷം കലിതുള്ളുമ്പോൾ, രണ്ടു പ്രളയങ്ങളിൽ നാമാവശേഷമായ തവളപ്പാറ മലഞ്ചെരുവ് ദുരന്തശേഷിപ്പായി നിലനിൽക്കുന്നു. പുറത്ത് മഴ പെയ്യുമ്പോൾ തവളപ്പാറയിലെ വീടുകളിൽ ആശങ്കയുടെ നെരിപ്പോട് പുകഞ്ഞുതുടങ്ങും. വ്യാഴാഴ്ച പേമാരി പെയ്തിറങ്ങിയപ്പോൾ ദുരന്ത സാദ്ധ്യത മുന്നിൽക്കണ്ട് ഇവിടുത്തെ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. തവളപ്പാറ മലമുകളിൽ 30ൽപ്പരം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതിൽ 15 വീടുകൾ ഉരുൾപൊട്ടൽ സാദ്ധ്യത മേഖലയിലാണ്. രണ്ടു പ്രളയങ്ങളിലായി വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഇപ്പോഴും കടലാസിൽ തന്നെ.
2019 ഓഗസ്റ്റ് എട്ടിനാണ് തവളപ്പാറയിലെ മലഞ്ചെരുവിൽ ഉരുൾപൊട്ടിയത്. മലവെള്ളത്തോടൊപ്പം ഒലിച്ചെത്തിയ കൂറ്റൻപാറകളും മണ്ണും മങ്ങാടൻപിള്ളിൽ എം.ജി. ഹരിയുടെ വീട് തകർത്ത് ഉള്ളിലേക്കു പതിക്കുകയായിരുന്നു. അപകടസമയത്ത് ഹരിയുടെ ഭാര്യ സുമി, മക്കളായ ദേവദത്തൻ, സൂര്യദത്തൻ, അമ്മ സരോജിനി എന്നിവർ വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ ഇവരെ സമീപവാസി വിലങ്ങുപാറ പ്രസാദ് മലവെള്ളപ്പാച്ചിലിനിടയിലൂടെ സാഹസികമായി രക്ഷപ്പെടുത്തി. ഉരുൾപൊട്ടിയ സ്ഥലത്തിനുസമീപം പുല്ല് വെട്ടുകയായിരുന്ന കൊച്ചുപറമ്പിൽ ഓമനയെ, അയൽവാസി പതാപറമ്പിൽ മനുവും രക്ഷപ്പെടുത്തി. ഓട്ടോറിക്ഷ ഡ്രൈവറായ ഹരിയുടെയും സമീപവാസികളുടെയുമടക്കം ഏക്കറുകണക്കിനു കൃഷിയിടവും 2018ലെ പ്രളയത്തിൽ കേടുപാട് സംഭവിച്ച രണ്ടുവീടുകളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഹരിയും കുടുംബാംഗങ്ങളും ഇപ്പോഴും വാടക വീട്ടിലാണ് കഴിയുന്നത്.
ഉരുൾപൊട്ടിയ സ്ഥലത്ത് എങ്ങനെ വീട് പണിയും?
കഴിഞ്ഞ വർഷത്തെ മഴക്കെടുതികൾക്കു ശേഷം ഭൗമശാസ്ത്ര വിദഗ്ധ സംഘം തവളപ്പാറ സന്ദർശിച്ചിരുന്നു. ഇവിടുത്തെ ഭൂമിയിൽ പല സ്ഥലങ്ങളിലായി വിള്ളൽ വീണതായും സമീപത്തെ പാറക്കൂട്ടങ്ങൾക്ക് സ്ഥാനചലനം സംഭവിച്ചതായും കണ്ടെത്തി. തഹസിൽദാർ, വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവരും സ്ഥലം സന്ദർശിച്ചിരുന്നു. എന്നാൽ ആരും ഇതു സംബന്ധിച്ച റിപ്പോർട്ട് തയാറാക്കി ജില്ലാ ഭരണകൂടത്തിനു കൈമാറിയില്ല. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവരുടെ സന്ദർശനവും ഉണ്ടായില്ല. മാസങ്ങൾക്ക് മുമ്പ് ഹരിയുടെ കുടുംബത്തിന് പ്രളയ ദുരിതാശ്വാസത്തിൽ നിന്നു വീട് നിർമിക്കാൻ തുക അനുവദിച്ചിരുന്നു. ആകെയുള്ള പുരയിടം ഉരുൾപൊട്ടലിൽ ഒലിച്ചുപോയതോടെ വീട് നിർമിക്കാൻ സ്ഥലം കണ്ടെത്തി നൽകണമെന്നു കാട്ടി ഇവർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. ഇതിനിടെ പ്രത്യേകം നിയോഗിച്ച റവന്യു ഉദ്യോഗസ്ഥൻ മാസങ്ങൾക്ക് മുമ്പ് സ്ഥലം സന്ദർശിച്ചിരുന്നു. ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് വീട് നിർമിക്കാമെന്നാണ് ഇദ്ദേഹത്തിന്റെ വിചിത്രമായ കണ്ടെത്തൽ. ഇതു സംബന്ധിച്ച് കളക്ടർക്ക് റിപ്പോർട്ടും നൽകി. എന്നാൽ കൃത്യമായ പഠനം നടത്താതെയാണ് റിപ്പോർട്ട് നൽകിയതെന്നു നാട്ടുകാർ ആരോപിക്കുന്നു. വീട് നിർമാണത്തിനു സുരക്ഷിതമായ സ്ഥലം അനുവദിക്കണമെന്നു ആവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.