പുതിയ അപേക്ഷകൾ ആഗസ്റ്റ് 27 വരെ നൽകാം.

ഇടുക്കി: ലൈഫ് മിഷൻ പദ്ധതി യിൽ പുതിയ അപേക്ഷകൾ സ്വീകരിച്ചപ്പോൾ ജില്ലയിൽ ഇതുവരെ ലഭിച്ചത് 12000 അപേക്ഷകൾ.ഭൂമിയുള്ള ഭവനരഹിതരുടെ വിഭാഗത്തിൽ 10000 ത്തോളവും ഭൂരഹിത ഭവന രഹിതരുടെ വിഭാഗത്തിൽ 2000 ത്തോളവും അപേക്ഷകൾ ഇതിനോടകം സമർപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തയ്യാറാക്കിയിട്ടുള്ള ഹെൽപ്പ് ഡെസ്‌ക്കുകൾ വഴിയുമാണ് അപേക്ഷകൾ സമർപ്പിക്കുന്നത്. അപേക്ഷകൾ സ്വീകരിക്കുന്ന അക്ഷയ കേന്ദ്രങ്ങളിലും ഹെൽപ് ഡെസ്‌കകളിലും, വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനായി വില്ലേജ് ഓഫീസുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് ഒഴിവാക്കി അപേക്ഷ സമർപ്പിക്കാൻ പൊതു ജനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് സഹകരിക്കണമെന്ന് ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ. പ്രവീൺ അറിയിച്ചു.

ഭവന രഹിതരുടെ പുതിയ പട്ടിക തയാറാക്കുന്നതിനു വേണ്ടിയുള്ള അപേക്ഷകൾ സ്വീകരിക്കുന്ന സമയപരിധി ആഗസ്റ്റ് 27 വരെ നീട്ടി. നേരത്തെ 14 വരെ ആയിരുന്നു അപേക്ഷകൾ സ്വീകരിക്കുന്നതിനായി നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനത്തിന്റെയും കാലവർഷക്കെടുതിയുടെയും പശ്ചാത്തലത്തിലാണ് സമയ പരിധി ദീർഘിപ്പിച്ചത്.

ഹാജരാക്കേണ്ടത്

ഇവയൊക്കെ

അപേക്ഷകർ, റേഷൻ കാർഡ്, ആധാർ കാർഡ്, വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഭൂരഹിത ഭവന രഹിതരായവർ തങ്ങളുടെ പേരിലോ കുടുംബത്തിലോ ഭൂമിയില്ല എന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം കൂടി ഹാജരാക്കേണ്ടതാണ്. പട്ടികജാതിപട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ടവർക്ക് മാനദണ്ഡങ്ങളിൽ ഇളവുണ്ട്.