കോരിച്ചൊരിയുന്ന മഴയ്‌ക്കൊപ്പം തുടർച്ചയായി ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് വെള്ളിയാഴ്ച പുലർച്ചെ ഉറക്കമുണർന്നത്. മറുതലയ്ക്കൽ മാദ്ധ്യമ സുഹൃത്ത് അഫ്‌സലായിരുന്നു. അവൻ പറഞ്ഞത് ആദ്യം വിശ്വസിക്കാനായില്ല. മൂന്നാർ രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടി എൺപതോളം തോട്ടം തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിയത്രേ. ഉടൻ ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രനെ വിളിച്ചു, കേട്ടത് സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു. ആ നിമിഷം മനസിലേക്ക് ഓടിയെത്തിയത് അഞ്ച് കുഞ്ഞുങ്ങളുടെ ചിത്രമായിരുന്നു. എട്ട് മാസം മുമ്പ് ജനുവരി ഒന്നിന് പുതുവർഷ പുലരിയിൽ പെട്ടി മുടിയിലെത്തിയപ്പോൾ മൊബൈൽ ഫോണിൽ പകർത്തിയ ശലഭം പോലെ നിഷ്‌കളങ്കമായ മുഖങ്ങളുടേത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുതുവർഷം ആഘോഷിക്കാൻ ഇടമലക്കുടിയിൽ പോയതിനൊപ്പമാണ് പോയത്. ഇടമലക്കുടിയിലേക്ക് പോകുന്നവരുടെ ഇടത്താവളമാണ് പെട്ടിമുടി. മൂന്നാറിൽ നിന്ന് പെട്ടിമുടി വരെയേ കാറ് പോകൂ. അവിടെ നിന്ന് ജീപ്പിൽ വേണം ഇടമലക്കുടിയിലെത്താൻ. അതിനാൽത്തന്നെ ഇടമലക്കുടിയിലെ ആണുങ്ങളിൽ ഭൂരിഭാഗവും ജീപ്പ് ഡ്രൈവർമാരാണ്. പെട്ടിമുടിയിലെ തകരഷീറ്റ് മേഞ്ഞ ഒറ്റമുറി ലയങ്ങളിലൊന്നിൽ ഒരു കാന്റീനുണ്ട്. അവിടെ നിന്ന് ചായ കുടിച്ചാണ് എല്ലാവരും ഇടമലക്കുടിക്കുള്ള ജീപ്പ് പിടിക്കുക. ആ ഇടവേളയിലാണ് റോഡരികിലെ കൊടിമരച്ചുവട്ടിൽ സ്‌കൂളിൽ പോകാനായി ഒരുങ്ങി നിൽക്കുന്ന ആ കുസൃതിക്കുരുന്നുകളെ കണ്ടത്. ഗണേഷ്‌കുമാർ, വിഷ്ണു, വിജയ ലക്ഷ്മി, ശ്രുതി, ലക്ഷ്ണശ്രീ എന്നിങ്ങനെയാണ് പേരുകൾ. ലയങ്ങളുടെ ചിത്രമെടുക്കുന്നതിനിടെ ലക്ഷ്ണശ്രീയാണ് ചോദിച്ചത് 'അണ്ണാ, ഏങ്കളുടെ പടം പുടിക്ക മുടിയുമാ..?' അവൾ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴേക്കും മറ്റുള്ളവരും ഓടിക്കൂടി. പിന്നെ മൊബൈൽ വാങ്ങി അവർ തന്നെ സെൽഫി എടുത്തു. തുടർന്ന് അവർ സ്‌കൂളിലേക്കും ഞങ്ങൾ ഇടമലക്കുടിയിലേക്കും പോയി. വെള്ളിയാഴ്ച രാവിലെ അവിടേക്ക് പുറപ്പെടുമ്പോഴും അവർ മാത്രമായിരുന്നു മനസിൽ. തൊടുപുഴയിൽ നിന്ന് 80 കിലോമീറ്റർ ദൂരമുണ്ട് മൂന്നാറിന്. അവിടെ നിന്ന് 21 കിലോമീറ്റർ അകലെയാണ് ദുരന്തമുണ്ടായ പെട്ടിമുടി. അവിടെ എത്തിയപ്പോൾ ആദ്യം അന്വേഷിച്ചത് ഈ കുട്ടികളെക്കുറിച്ചായിരുന്നു. സമീപ ലയങ്ങളിൽ താമസിക്കുന പലരോടും ഫോട്ടോ കാണിച്ച് തിരക്കി. പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. ഒടുവിൽ സമഗ്രശിക്ഷാ കേരള മൂന്നാർ ബ്ലോക്ക് കോ ഓർഡിനേറ്റർ ഹെപ്‌സിയുടെ സഹായം തേടി. ദുരന്തത്തിൽ അകപ്പെട്ട കുട്ടികളുടെ കണക്ക് അവർ ശേഖരിക്കുന്നുണ്ടായിരുന്നു. സഹായിക്കാമെന്ന് ഹെപ്‌സി ഉറപ്പ് നൽകി. മനസ് മരവിപ്പിക്കുന്ന ദുരന്ത കാഴ്ചകൾ കണ്ട് ശുഭാപ്തി വിശ്വാസം നഷ്ടമായെങ്കിലും വെറുതെ ആശിച്ചു. ' അവർ അതിൽ പെട്ടിട്ടുണ്ടാകില്ല. ഉരുൾ പതിക്കാത്ത സമീപത്തെ ലയങ്ങളിലാകും അവർ താമസിക്കുന്നത്. ' അന്വേഷണത്തിനൊടുവിൽ ഹെപ്‌സി കണ്ടെത്തി, ആ അഞ്ചു കുട്ടികളിൽ രണ്ട് പേർ ഞാൻ ആഗ്രഹിച്ച പോലെ മറ്റ് ലയങ്ങളിൽ താമസിക്കുന്നവരാണ്. ഗണേഷ് കുമാറും ശ്രുതിയും. അവർ സുരക്ഷിതരാണ്. എന്നാൽ ബാക്കി മൂന്ന് പേരും ദുരന്തത്തിലകപ്പെട്ടു. ഇതിൽ എട്ട് വയസുകാരി വിജയലക്ഷ്മിയുടെ മൃതദേഹം തിങ്കളാഴ്ച കണ്ടെടുത്തു. വിഷ്ണുവിനും ലക്ഷ്ണശ്രീക്കും വേണ്ടി തെരച്ചിൽ തുടരുന്നു. 'അണ്ണാ, എങ്കളുടെ പടം പുടിക്ക മുടിയുമാ' ലക്ഷ്ണ ശ്രീയുടെ വാക്കുകൾ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു. 'ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ ഒരു കോടി ഈശ്വരവിലാപം' എന്ന് കവി പാടിയത് ഓർത്തു പോകുന്നു.