childrens

കോരിച്ചൊരിയുന്ന മഴയ്‌ക്കൊപ്പം തുടര്‍ച്ചയായി ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഉറക്കമുണര്‍ന്നത്. മറുതലയ്ക്കല്‍ മാദ്ധ്യമ സുഹൃത്ത് അഫ്സലായിരുന്നു. അവന്‍ പറഞ്ഞത് ആദ്യം വിശ്വസിക്കാനായില്ല. മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി എണ്‍പതോളം തോട്ടം തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിയത്രേ. ഉടന്‍ ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനെ വിളിച്ചു, കേട്ടത് സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു. ആ നിമിഷം മനസിലേക്ക് ഓടിയെത്തിയത് അഞ്ച് കുഞ്ഞുങ്ങളുടെ ചിത്രമായിരുന്നു. എട്ട് മാസം മുമ്പ് ജനുവരി ഒന്നിന് പുതുവര്‍ഷ പുലരിയില്‍ പെട്ടി മുടിയിലെത്തിയപ്പോള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശലഭം പോലെ നിഷ്‌കളങ്കമായ മുഖങ്ങളുടേത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുതുവര്‍ഷം ആഘോഷിക്കാന്‍ ഇടമലക്കുടിയില്‍ പോയ മാദ്ധ്യമ സംഘത്തിനൊപ്പമാണ് പോയത്.

ഇടമലക്കുടിയിലേക്ക് പോകുന്നവരുടെ ഇടത്താവളമാണ് പെട്ടിമുടി. മൂന്നാറില്‍ നിന്ന് പെട്ടിമുടി വരെയേ കാറ് പോകൂ. അവിടെ നിന്ന് ജീപ്പില്‍ വേണം ഇടമലക്കുടിയിലെത്താന്‍. അതിനാല്‍ത്തന്നെ ഇടമലക്കുടിയിലെ ആണുങ്ങളില്‍ ഭൂരിഭാഗവും ജീപ്പ് ഡ്രൈവര്‍മാരാണ്. പെട്ടിമുടിയിലെ തകരഷീറ്റ് മേഞ്ഞ ഒറ്റമുറി ലയങ്ങളിലൊന്നില്‍ ഒരു കാന്റീനുണ്ട്. അവിടെ നിന്ന് ചായ കുടിച്ചാണ് എല്ലാവരും ഇടമലക്കുടിക്കുള്ള ജീപ്പ് പിടിക്കുക. ആ ഇടവേളയിലാണ് റോഡരികിലെ കൊടിമരച്ചുവട്ടില്‍ സ്‌കൂളില്‍ പോകാനായി ഒരുങ്ങി നില്‍ക്കുന്ന ആ കുസൃതിക്കുരുന്നുകളെ കണ്ടത്. ഗണേഷ്‌കുമാര്‍, വിഷ്ണു, വിജയ ലക്ഷ്മി, ശ്രുതി, ലക്ഷ്ണശ്രീ എന്നിങ്ങനെയാണ് പേരുകള്‍.

ലയങ്ങളുടെ ചിത്രമെടുക്കുന്നതിനിടെ ലക്ഷ്ണശ്രീയാണ് ചോദിച്ചത് 'അണ്ണാ, ഏങ്കളുടെ പടം പുടിക്ക മുടിയുമാ..?' അവള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴേക്കും മറ്റുള്ളവരും ഓടിക്കൂടി. പിന്നെ മൊബൈല്‍ വാങ്ങി അവര്‍ തന്നെ സെല്‍ഫി എടുത്തു. തുടര്‍ന്ന് അവര്‍ സ്‌കൂളിലേക്കും ഞങ്ങള്‍ ഇടമലക്കുടിയിലേക്കും പോയി. വെള്ളിയാഴ്ച രാവിലെ അവിടേക്ക് പുറപ്പെടുമ്പോഴും അവര്‍ മാത്രമായിരുന്നു മനസില്‍. തൊടുപുഴയില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരമുണ്ട് മൂന്നാറിന്. അവിടെ നിന്ന് 21 കിലോമീറ്റര്‍ അകലെയാണ് ദുരന്തമുണ്ടായ പെട്ടിമുടി. അവിടെ എത്തിയപ്പോള്‍ ആദ്യം അന്വേഷിച്ചത് ഈ കുട്ടികളെക്കുറിച്ചായിരുന്നു. സമീപ ലയങ്ങളില്‍ താമസിക്കുന പലരോടും ഫോട്ടോ കാണിച്ച് തിരക്കി. പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. ഒടുവില്‍ സമഗ്രശിക്ഷാ കേരള മൂന്നാര്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഹെപ്സിയുടെ സഹായം തേടി. ദുരന്തത്തില്‍ അകപ്പെട്ട കുട്ടികളുടെ കണക്ക് അവര്‍ ശേഖരിക്കുന്നുണ്ടായിരുന്നു. സഹായിക്കാമെന്ന് ഹെപ്സി ഉറപ്പ് നല്‍കി. മനസ് മരവിപ്പിക്കുന്ന ദുരന്ത കാഴ്ചകള്‍ കണ്ട് ശുഭാപ്തി വിശ്വാസം നഷ്ടമായെങ്കിലും വെറുതെ ആശിച്ചു.

' അവര്‍ അതില്‍ പെട്ടിട്ടുണ്ടാകില്ല. ഉരുള്‍ പതിക്കാത്ത സമീപത്തെ ലയങ്ങളിലാകും അവര്‍ താമസിക്കുന്നത്. ' അന്വേഷണത്തിനൊടുവില്‍ ഹെപ്സി കണ്ടെത്തി, ആ അഞ്ചു കുട്ടികളില്‍ രണ്ട് പേര്‍ ഞാന്‍ ആഗ്രഹിച്ച പോലെ മറ്റ് ലയങ്ങളില്‍ താമസിക്കുന്നവരാണ്. ഗണേഷ് കുമാറും ശ്രുതിയും. അവര്‍ സുരക്ഷിതരാണ്. എന്നാല്‍ ബാക്കി മൂന്ന് പേരും ദുരന്തത്തിലകപ്പെട്ടു. ഇതില്‍ എട്ട് വയസുകാരി വിജയലക്ഷ്മിയുടെ മൃതദേഹം തിങ്കളാഴ്ച കണ്ടെടുത്തു. ലക്ഷ്ണശ്രീയുടേത് ഇന്നലെയും. വിഷ്ണുവിന് വേണ്ടി തെരച്ചില്‍ തുടരുന്നു. 'അണ്ണാ, എങ്കളുടെ പടം പുടിക്ക മുടിയുമാ' ലക്ഷ്ണ ശ്രീയുടെ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു. 'ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍ ഒരു കോടി ഈശ്വരവിലാപം' എന്ന് കവി പാടിയത് ഓര്‍ത്തു പോകുന്നു.