മൂന്നാർ: രാജമല പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി. ഇന്നലെ നടത്തിയ തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ചെല്ലദുരൈ (55), രേഖ (27), രാജയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദുരന്തത്തിൽ അകപ്പെട്ട 18 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ പറഞ്ഞു. ഇതിൽ ഒമ്പതും കുട്ടികളാണെന്നാണ് നിഗമനം. ദുരന്തഭൂമിക്ക് സമീപത്തു കൂടി ഒഴുകുന്ന പുഴയിൽ നിന്നാണ് ഇന്നലെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. തിങ്കളാഴ്ചയും പുഴയിൽ നിന്ന് ആറ് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. പെട്ടിമുടിയിൽ ഇന്നലെ പകലും ചാറ്റൽമഴയും കനത്ത മഞ്ഞും അനുഭവപ്പെട്ടു. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് ചെറു സംഘങ്ങളായി തിരിഞ്ഞായിരുന്നു പുഴയിൽ തെരച്ചിൽ. ദുരന്തഭൂമിയിലും മണ്ണ് മാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് തെരച്ചിൽ തുടർന്നു. ദുരന്തമുഖത്തുനിന്ന് അഞ്ചു കിലോമീറ്ററിലധികം ദൂരത്തിൽ പുഴയിൽ തെരച്ചിൽ നടത്തി. എൻ.ഡി.ആർ.എഫ്, പൊലീസ്, ഫയർഫോഴ്സ്, വനം വകുപ്പ്, റവന്യൂ, വിവിധ ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് തെരച്ചിൽ തുടരുന്നത്. ദുരന്തമേഖലയിൽ കൊവിഡ് ആശങ്ക ഉയർന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തകർ നിലയുറപ്പിച്ചിട്ടുള്ള ഭാഗത്തും മറ്റും രാവിലെ അണുനശീകരണം നടത്തി.