മൂലമറ്റം: അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മൂലമറ്റം ടൗണിന്റെ സമീപത്ത് റോഡരുകിൽ പ്രവർത്തിക്കുന്ന പെട്ടിക്കടകൾ പൊളിച്ചു മാറ്റാൻ പൊതുമരാമത്ത് വകുപ്പ് നടപടികൾ ആരംഭിച്ചു. ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ 18 ന് മുൻപായി പൊളിച്ച് മാറ്റണമെന്നാ വശ്യപ്പെട്ട് പൊതു മരാമത്ത് കെട്ടിട വിഭാഗം മുട്ടം എ ഇ യാണ് സ്ഥാപന നടത്തിപ്പുകാർക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. പതിനഞ്ച് സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിച്ച് വരുന്നത്. കെ എസ് ഇ ബി സെക്ഷൻ ഓഫീസ് നിർമ്മാണത്തിന് വേണ്ടിയാണ് ഇവിടെയുള്ള സ്ഥാപനങ്ങൾ പൊളിച്ച് മാറ്റുന്നത് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കൂടാതെ റോഡിന്റെയും ടൗണിന്റെയും വികസനത്തിനും വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും ഇവിടെ നിന്ന് സ്ഥാപനങ്ങൾ അടിയന്തിരമായി മാറ്റണം. അറക്കുളം പഞ്ചായത്ത്‌ ഇവിടം കേന്ദ്രീകരിച്ച് ഷോപ്പിംഗ് കോംപ്ലക്‌സും നിർമ്മിക്കാൻ പദ്ധതി വിഭാവനം ചെയ്തിട്ടുമുണ്ട്. ഇതിന് മുമ്പ് രണ്ടു തവണ ഇവർക്ക് നോട്ടീസ് അയച്ചിരുന്നു. അന്ന് സ്ഥാപന ഉടമകൾ പ്രശ്നം പൊതുമരാമത്ത് എക്‌സികുട്ടീവ് എഞ്ചിനീയറെ അറിയിച്ചതിനെ തുടർന്ന് നടപടികൾ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. കൊറോണക്കാലത്തോടൊപ്പം മഴക്കാലവും എത്തിയ സമയത്ത് പെട്ടിക്കടകൾ മാറ്റുന്നത് സ്ഥാപന നടത്തിപ്പുകാരെ ദുരിതത്തിക്കുകയാണ്.