അർബുദരോഗിയായ സർക്കാർ ജീവനക്കാരൻ ഞായറാഴ്ച മരിച്ചു
കട്ടപ്പന: അർബുദ രോഗിയായ സർക്കാർ ജീവനക്കാരനോടു മനുഷ്യത്വരഹിതമായി പെരുമാറിയ കട്ടപ്പന സബ് രജിസ്ട്രാർ ജി. ജയലക്ഷ്മിയെ സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്തു. രജിസ്‌ട്രേഷൻ മന്ത്രി ജി. സുധാകരനാണ് ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിച്ചത്. കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഡ്രൈവറായിരുന്ന കട്ടപ്പന സ്വദേശി സുനീഷ് ജോസഫിനാണ് ഉദ്യോഗസ്ഥയിൽ നിന്നു അവഗണന നേരിടേണ്ടിവന്നത്. ഇദ്ദേഹം ഞായറാഴ്ച മരണത്തിനു കീഴടങ്ങി.
അർബുദരോഗം മൂർഛിച്ചതോടെ സ്ഥലവും വീടും ഭാര്യയുടെ പേരിലേക്കു മാറ്റുന്നതിനായി ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യാനായാണ് കഴിഞ്ഞ ആറിന് സുനീഷ് ആംബുലൻസിൽ കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിന്റെ പരിസരത്ത് എത്തിയത്. സുനീഷിന്റെ സ്ഥിതി കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ സബ് രജിസ്ട്രാർ ജി. ജയലക്ഷ്മിയെ ധരിപ്പിച്ചശേഷം ആംബുലൻസിലേക്കു വന്ന് നടപടി ക്രമങ്ങൾ പൂർത്തീകരിക്കാമോയെന്നു ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥ ചെവിക്കൊണ്ടില്ല. കട്ടപ്പന മിനി സിവിൽ സ്റ്റേഷന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന രജിസ്ട്രാർ ഓഫീസിലേക്ക് കക്ഷി നേരിട്ട് എത്തണമെന്ന് ഇവർ ശഠിച്ചു. അതീവ ഗുരുതരാവസ്ഥയിലായ സുനിലിനെ കസേരയിൽ ഇരുത്തി ഓഫീസിലെത്തിച്ച ശേഷം ആധാരം രജിസ്റ്റർ ചെയ്യുകയായിരുന്നു. ഞായറാഴ്ച സുനീഷ് മരിച്ചശേഷം സുഹൃത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഓഫീസ് പരിസരത്ത് പ്രവേശിച്ചാൽ ഓഫീസിന്റെ പരിധിയിൽ എത്തിയെന്ന നിയമം മനസിലാക്കാതെയാണ് പെരുമാറിയതെന്നും രജിസ്ട്രാർ വീഴ്ച വരുത്തിയതായും സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നു ഉണ്ടാകേണ്ട മനുഷ്യത്വപരമായ സമീപനം ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്നും ഉണ്ടായില്ലന്നും ഉത്തരവിൽ പറയുന്നു.