അടിമാലി: ആറ് മാസം പ്രായമായ കുഞ്ഞിൻ്റെയടക്കം നിരവധി പേരുടെ ജീവൻ കവർന്ന മൂന്നാർ രാജമല പെട്ടിമുടി ഇപ്പോൾ കൊവിഡ് ഭീതിയിലാണ്. ദുരന്തമുണ്ടായതിന് ശേഷം നൂറുകണക്കിന് പേരാണ് കൊവിഡ് മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ പ്രദേശത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇവർക്ക് പുറമേ ഒന്നിന് പുറകെ ഒന്നായി ദുരന്തസ്ഥലം സന്ദർശിക്കാനെത്തുന്ന ജനപ്രധിനിതികളടക്കമുള്ള രാഷ്ട്രീയ നേതാക്കളും. ഇവരുടെ കൂട്ടത്തില്‍ എണ്ണമറ്റ അനുയായികളുമുണ്ടാകും. സാമൂഹ്യ അകലം ഇവിടെ പഴങ്കഥയാകുന്ന കാഴ്ചയാണ് കാണാനാകുന്നത്. എല്ലാവരും കൊവിഡിനെ മറന്ന മട്ടാണ്. എല്ലാവരും പരസ്പരം സംസാരിക്കുന്നത് മാസ്‌ക് താഴ്ത്തിവെച്ചാണ്. മരിച്ചവരുടെ ബന്ധുക്കള്‍ എന്ന പേരില്‍ നൂറു കണക്കിന് പേരാണ് തമിഴ്‌നാട്ടില്‍ നിന്ന് ദുരന്ത സ്ഥലത്തേക്ക് എത്തുന്നത്. ഇക്കൂട്ടത്തിൽ അവിടത്തെ കൊവിഡ് തീവ്ര ബാധിത മേഖലയിലുള്ളവരുമുണ്ട്. കൊവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി ഒരു ജീപ്പില്‍ 15 ആളുകളെ വരെ കുത്തിനിറച്ചാണ് പെട്ടിമുടിക്ക് പൊകുന്നത്. രാജമലയിലുള്ള ആശുപത്രി വരെ മാത്രമാണ് വാഹനം കടത്തി വിടുന്നത്. അവിടെ നിന്ന് 2.5 കിലോമീറ്റര്‍ നടന്ന് മാത്രമേ ദുരന്തഭൂമിയില്‍ എത്താനാകൂ. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്ന് വരുന്നവരെ വാഹനത്തില്‍ തന്നെ ദുരന്ത സ്ഥലത്തേക്ക് കടത്തിവിടാന്‍ രാഷ്ട്രീയ ഇടപെടലില്‍ പൊലീസ് നിർബഡിതരാവുകയാണ്. ബന്ധുക്കളായതിനാൽ ഇവരെ തടയാനുമാകാത്ത സ്ഥിതിയാണ്. അവിടെയെത്തി കൂട്ടം കൂടി നിൽക്കുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ദുരന്തമേഖല കാണാനായി മാത്രം വരുന്നവരുമുണ്ട് ഈ കൂട്ടത്തിൽ. കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തകരിലൊരാളായ ഫയർ ആൻ്റ് റസ്ക്യൂ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് രക്ഷാപ്രവർത്തകരിലും മാദ്ധ്യമപ്രവർത്തകരിലും കൊവിഡ് പരിശോധനയും നടത്തിയിരുന്നു. ഇതിൻ്റെ ഔദ്യോഗിക ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്നലെ ദുരന്തമേഖലയിൽ അണുനശീകരണം നടത്തിയിരുന്നു.