മറയൂർ :കാന്തല്ലൂർ മേഖലയിൽ നിന്നും ഹോർട്ടിപ് പച്ചക്കറികൾ സംഭരിക്കാൻ തയ്യാറാകാത്തത് ഇടനിലക്കാരുടെ ചൂഷണത്തിന് വഴിവെയ്ക്കുന്നതായി കർഷകർ. ഓണ വിപണി പ്രതീക്ഷിച്ച് രണ്ടായിരത്തിലധികം ഏക്കറിലാണ് പ്രദേശത്ത് ശീതകാല പച്ചക്കറികൾ ഉത്പാദിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തുണ്ടായ കാറ്റിലും മഴയിലുമായി ഭാഗികമായി വിളകൾ നശിക്കുകയും മറയൂർ മൂന്നാർ റോഡ് സഞ്ചാര യോഗ്യമല്ലയെന്നറിയിച്ച് ഹോർട്ടികോർപ്പ് പ്രദേശത്ത് നിന്നും പച്ചക്കറി സംഭരണം ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇടനിലക്കാർ പ്രദേശത്ത് നിന്നും പച്ചക്കറികൾ വില താഴ്ത്തി സംഭരിച്ച് വരുന്നത്. കാന്തല്ലൂർ പഞ്ചായത്തിലെ പൂത്തൂർ, പെരുമല, കാന്തല്ലൂർ, കീഴാന്തൂർ, ഗുഹനാഥപുരം, കുച്ചിവയൽ, ആടിവയൽ തുടങ്ങിയ ഗ്രാമങ്ങളിലായി ഹെക്ടർ കണക്കിന് പ്രദേശത്താണ് ബീൻസ്, കാരറ്റ്, കബേജ്, ഉരുളക്കിഴങ്ങ്, ബീറ്റ്രൂട്ട്, വെളുത്തുള്ളി തുടങ്ങിയ വിളകൾ കൃഷിയിറക്കിയിരുന്നത്. ഇവ കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്തുണ്ടായ കാറ്റിലും മഴയിലുമായി ഭാഗികമായി നശിക്കുകയും ചെയ്തിരുന്നു.
തടസ്സമായിരിക്കുന്ന മറയൂർ മൂന്നാർ റോഡിൽ ചെറിയ വാഹനങ്ങളിൽ കടക്കുമെന്നതിൽ താത്കാലികമായി ഈ മാർഗത്തിലൂടെ വിഎഫ്പിസികെ, ഹോർട്ടികോർപ് പോലുള്ള സംരഭങ്ങൾ ഇടപെട്ട് അടിയന്തിരമായി പ്രദേശത്ത് നിന്നും പച്ചക്കറികൾ പൂർണമായും സംഭരിക്കണമെന്നതാണ് കർഷകരുടെ ആവശ്യം.