തൊടുപുഴ: പെട്ടിമുടിയിൽ പോലീസിനെ ഉപയോഗിച്ച് സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് വി.എം. ബാലൻ ആരോപിച്ചു. സേവന സന്നദ്ധരായി എത്തിയ സേവാഭാരതി പ്രവർത്തകരെ തടഞ്ഞ സംഭവം ഇതിന് ഉദാഹരണമാണ്. സർക്കാർ സംവിധാനങ്ങൾ പകച്ച് നിന്ന സാഹചര്യത്തിലും പതറാതെ സേവനത്തിനിറങ്ങിയ സേവാഭാരതി പ്രവർത്തകരെ അവഹേളിക്കാനാണ് എൽഡിഎഫ് കൺവീനർ തയാറായത്. ഇത് അങ്ങേയറ്റം അപലപനീയമാണ്.അധികാരികളുടെ ഔദാര്യത്തിന് കാത്ത് നിൽക്കാതെ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കുവാനുള്ള ഇച്ഛാശക്തി സേവാഭാരതിക്കുണ്ട്. പാവപ്പെട്ടവർ മണ്ണിലടിയിൽ കിടക്കുമ്പോഴും സഹായിക്കാൻ എത്തുന്ന സേവാഭാരതി പ്രവർത്തകരോട് കാണിക്കുന്ന അവഗണന പൊതു സമൂഹം തിരിച്ചറിയുന്നുണ്ടെന്ന് മനസിലാക്കണം. സഹായധനം പ്രഖ്യാപിച്ചതിലും ഇടത് സർക്കാർ ഇരട്ടത്താപ്പാണ് കാണിച്ചത്. ഇടുക്കിയിലെ ദുരന്തമേഖല സന്ദർശിക്കുവാൻ മുഖ്യമന്ത്രി തയാറാകണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.