മറയൂർ: കാട്ടുപോത്തിനെ ഇരയാക്കാൻ ശ്രമിച്ച പുള്ളിപുലിയും ജീവൻ രക്ഷിക്കാൻ പോരാടിയ കാട്ടുപോത്തും പരസ്പരം ഏറ്റുമുട്ടിയപ്പോൾ രണ്ട് പേർക്കും ജീവൻ നഷ്ടമായി. തമിഴ്‌നാട്ടിലെ സംരക്ഷിത പ്രദേശമായ നീലഗിരി വനമേഖലയിലെ കുന്നൂരിന് സമീപത്തുള്ള കടുംപാലം ഭാഗത്തുള്ള തേയില തോട്ടത്തിലാണ് കാട്ടുപോത്തിനെയും പുള്ളിപ്പുലിയേയും ചത്തനിലയിൽ കണ്ടത്.
സ്വകാര്യ തേയില തോട്ടം കമ്പനിയായ പീലിമല എസ്റ്റേറ്റിൽ ലോക്ക് ഡൗണിനെ തുടർന്ന് തേയിലയുടെ വിലകുറഞ്ഞ് പ്രവർത്തനം നിർത്തിവച്ചിരുന്നു. ചൊവ്വാഴ്ച്ച പ്രവർത്തനം തുടങ്ങുതതിന്റെ ഭാഗമായി തൊഴിലാളികൾ എത്തിയപ്പോൾ ദുർഗ്ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് ചത്തനിലയിൽ കാട്ടുപോത്തിനെ കണ്ടത്. തുടർന്ന് എസ്റ്റേറ്റ് മാനേജർ കുന്നൂർ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി നടത്തിയ പരിശോധനയിലാണ് സമീപത്ത് പുള്ളിപുലിയേയും ചത്തനിലയിൽ കണാൻ സാധിച്ചത്.
വനപാലകർ നടത്തിയ പ്രാഥമിക പരിശോധനയിൽ കാട്ടുപോത്തിനെ ആക്രമിക്കുന്നതിനിടയിൽ കൊമ്പുകൊണ്ടുള്ള കുത്തേറ്റ് പുള്ളിപുലിയും പുറക് വശത്ത് കടിയേറ്റ കാട്ടുപോത്തും ചത്തതായാണ് നിഗമനം. ചത്ത നിലയിൽ കണ്ടെത്തിയ ആൺപുള്ളിപുലിക്ക് ആറ് വയസ്സും കാട്ടുപോത്തിന് അഞ്ചുവസ്സും പ്രായം വരുമെന്ന് കുന്നൂർ ഫോറസ്റ്റ് ഡിവിഷൻ അധികൃതർ അറിയിച്ചു. നീലഗിരി വൈൽഡ് ലൈഫ് വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ പൊസ്റ്റുമാർട്ടം നടത്തി.