നെടുങ്കണ്ടം: കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നതിന് മുന്നോടിയായി അടിയന്തര സാഹചര്യം അറിയിക്കുന്നതിനായി പുതിയ സൈറൺ സ്ഥാപിച്ചു. മൂന്നുമാസം മുമ്പ് സ്ഥാപിച്ച സൈറൺ പ്രവർത്തിക്കാതിരുന്നതിനെത്തുടർന്നാണ് പുതിയത് സ്ഥാപിച്ചത്. കഴിഞ്ഞദിവസം ഡാം തുറക്കുന്നതിനു മുന്നോടിയായി സൈറൺ പ്രവർത്തിക്കാതിരുന്നത് വിമർശനങ്ങൾക്ക് കാരണമായിരുന്നു.ഇടുക്കി ഡൈവേർഷൻ ഡാമുകളായ കല്ലാർ, ഇരട്ടയാർ ഡാമുകളിൽ ഏതാനും മാസങ്ങൾക്കുമുമ്പ് സൈറണുകൾ സ്ഥാപിച്ചിരുന്നു. സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിലായിരുന്നു ലക്ഷങ്ങൾ മുടക്കി സൈറൺ സ്ഥാപിച്ചത്. രണ്ടു കിലോമീറ്റർ ദൂരപരിധിയിൽ സൈറൺ ലഭ്യമാകുന്ന തരത്തിലുള്ള ഉപകരണം ഒരുവർഷം മുൻപ് സ്ഥാപിച്ചിരുന്നു. എന്നാൽ ഇതിന് ദൂരപരിധി കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഏതാനും മാസങ്ങൾക്കുമുമ്പ് പുതിയ സൈറൺ സ്ഥാപിച്ചത്. എട്ടു കിലോമീറ്റർ ചുറ്റളവിൽ സുരക്ഷാ മുന്നറിയിപ്പ് എത്തിക്കാൻ സാധിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇത്തവണ ഷട്ടറുകൾ ഉയർത്തേണ്ട സാഹചര്യം ഉണ്ടായപ്പോൾ സൈറൺ മുഴങ്ങിയില്ല. സാങ്കേതിക തകരാറുകൾകൊണ്ടാണ് സൈറൺ പ്രവർത്തിക്കാതിരുന്നത്. ഇതിനു പരിഹാരമായാണ് പുതിയത് സ്ഥാപിച്ചത്. കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഇന്നലെ അടയ്ക്കുന്നതിന് മുന്നോടിയായി സൈറൺ പ്രവർത്തിപ്പിച്ചു. നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് ഏഴിനാണ് ഷട്ടറുകൾ തുറന്നത്. ഇത് പൂർണമായും ഇന്നലെ അടച്ചു. ഇരട്ടയാർ ഡാമിലും പുതിയ സൈറൺ സ്ഥാപിച്ചിട്ടുണ്ട്.