ചെറുതോണി : കാലവർഷക്കെടുതിയിൽ കൃഷി നഷ്ടപ്പെട്ട കർഷകർക്ക് ധനസഹായം നൽകുന്നതിന് ഭൂമിക്ക് പട്ടയം മാനദണ്ഡമാക്കരുതെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ ആവശ്യപ്പെട്ടു. അപേക്ഷയോടൊപ്പം കരം കെട്ടിയതിന്റെ കോപ്പി വേണമെന്ന നിബന്ധന ഒഴിവാക്കണം.
വിളകളുടെ നാശനഷ്ടത്തിനു ആനുപാതികമായ നഷ്ടപരിഹാരം നൽകണം. കേന്ദ്രത്തിൽ നിന്ന് നൽകുന്ന തുകയോടൊപ്പം സംസ്ഥാന സർക്കാർ ഓരോ വിളക്കും പുതിയ നിരക്ക് നിശ്ചയിച്ചു കൂടുതൽ തുക നൽകണം. ഭൂമി ഒലിച്ചുപോയതും, മണ്ണിടിഞ്ഞതുമായ പ്രദേശങ്ങൾക്ക് വിളനഷ്ടം കണക്കാക്കാതെ സഹായം നൽകണം. തകർന്ന സംരക്ഷണ ഭിത്തികൾ പുനർനിർമ്മിക്കാൻ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന പദ്ധതികൾ നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മരിയാപുരം പഞ്ചായത്തിലെ ഡബിൾ കട്ടിങ്, ചട്ടിക്കുഴി, നാരകക്കാനം മേഖലകളിൽ ഉണ്ടായ കൃഷി നാശം എം.എൽ.എ സന്ദർശിച്ചു.
കൃഷി ഭൂമിയിലേക്ക് ഒഴുക്ക് വെള്ളം എത്തുന്നത് തടയുന്നതിന് കട്ടിങ് - കല്യാണതണ്ട് റോഡിൽ നെല്ലിക്കുന്നേൽ പുരയിടം ഭാഗത്തു കലുങ്ക് നിർമ്മിക്കുന്നതിന് അഞ്ചു ലക്ഷം രൂപയും എം.എൽ.എ അനുവദിച്ചു.