ഇടുക്കി: പെട്ടിമുടിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ സംഘത്തിലുള്ളയാൾക്കും, ദുരന്തസേനാ അംഗത്തിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ തൊടുപുഴയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിൽ പ്രവേശിപ്പിച്ചു. നേരത്തെ രക്ഷാപ്രവർത്തകരിലൊരാളായ ഫയർ ആൻ്റ് റസ്ക്യൂ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. പോസിറ്റീവായവരുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും നിരീക്ഷണത്തിലാക്കിയതായി ജില്ലാ കളക്ടർ പറഞ്ഞു. ദുരന്തഭൂമിയിൽ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും പൊതുപ്രവർത്തകരും രക്ഷാപ്രവർത്തകരും മാധ്യമ പ്രതിനിധികളും മരിച്ചവരുടെ ബന്ധക്കളുമായി അനവധി പേർ എത്തിച്ചേർന്നു. വന്നവരെ ആരെയും തടയാനോ ഒഴിവാക്കാനോ കഴിയാത്തവർ ആയിരുന്നുന്നെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും കൂടുതൽ പേർ ദുരന്ത ഭൂമിയിലെക്കെത്തുന്നത് പൊലീസിന് തടയേണ്ടിവന്നു. പെട്ടിമുടിയിലെത്തിയവരിൽ കൊവിഡ് ബാധ എന്ന വിധത്തിൽ പ്രചാരണവും ഉണ്ടായി. സാമൂഹ്യ അകലം പാലിക്കുന്നതിനും മാസ്‌ക് ധരിക്കുന്നതിനും നിർദ്ദേശം നൽകുകയും കർശനമായി നടപ്പാക്കുകയുമുണ്ടായി. ഏതെങ്കിലും വിധത്തിലുള്ള ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചവരെ മുഴുവൻ പേർക്കും കഴിഞ്ഞ ഞായറാഴ്ച മുതൽ സെന്റിനൽ സർവൈലൻസിലൂടെ എല്ലാ ദിവസവും റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തി. ഇവിടെ എത്തിയ മാധ്യമ പ്രവർത്തകർക്കും, തെരച്ചിലിൽ ഏർപ്പെട്ട എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്‌സ്, പൊലീസ്, സന്നദ്ധപ്രവർത്തകർ, ഇവിടേയ്ക്ക് ഭക്ഷണം തയ്യാറാക്കുന്നവർ എന്നിവർക്കുമാണ് പരിശോധന നടത്തിയത്.ഒമ്പതിന് രണ്ടു പേർക്കും പത്തിന് 84 പേർക്കും പതിനൊന്നിന് 23 പേർക്കും പന്ത്രണ്ടിന് 24 പേർക്കും ടെസ്റ്റ് നടത്തി. ആന്റിജൻ ടെസ്റ്റ് ആവശ്യമെങ്കിൽ ഇനിയും നടത്തും. തെരച്ചിൽ പ്രദേശം ദിവസവും അണുവിമുക്തമാക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.