ഇടുക്കി: കൊവിഡ് - 19 മായി ബന്ധപ്പെട്ട് ആശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യ വിതരണ കിറ്റ് ഇന്ന് മുതൽ ആരംഭിക്കും. ആദ്യ ഘട്ടമായി 13, 14, 16 തീയതികളിൽ അന്ത്യോദയ (മഞ്ഞ കാർഡുകൾക്ക്) വിഭാഗത്തിലുള്ളവർക്കാണ് നൽകുന്നത്.മുൻഗണനാ വിഭാഗങ്ങൾക്കുള്ള (പിങ്ക് കാർഡുകൾ) 19, 20, 21, 22 തീയതികളിൽ കിറ്റ് വിതരണം ചെയ്യും. തുടർന്ന് നീല, വെള്ള കാർഡുകൾക്കുള്ള കിറ്റുകളുടെ വിതരണവും നടത്തും. ജില്ലയിൽ 33972 അന്ത്യോദയ കാർഡുകളും 125655 മുൻഗണനാ കാർഡുകളും 70230 മുൻഗണനേതര സബ്സിഡി കാർഡുകളും 73691 നോൺ സബ്സിഡി കാർഡുകളുമാണുള്ളത്. സപ്ലൈകോ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ചെയ്യുന്ന കിറ്റുകൾ റേഷൻ കടയിൽ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. റേഷൻ കാർഡുടമകൾ ജൂലായ് മാസത്തിൽ ഏത് കടയിൽ നിന്നാണോ റേഷൻ വാങ്ങിയത് അതേ കടയിൽ നിന്നും ഓണക്കിറ്റുകൾ വിതരണം ചെയ്യും. കൂടാതെ റേഷൻ കടകളിൽ നിന്നും കുറഞ്ഞ അളവിൽ ധാന്യം ലഭിച്ചുവന്നിരുന്ന മുൻഗണനേതര കാർഡുകൾക്ക് 15 രൂപ നിരക്കിൽ കാർഡ് ഒന്നിന് 10 കിലോഗ്രാം സ്പെഷ്യൽ അരിയുടെ വിതരണവും ഇന്ന് മുതൽ ആരംഭിക്കും.