road
വെള്ളിയാമറ്റം ആലക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വെട്ടിമറ്റം പാലപ്പിള്ളി റോഡിന്റെ ഉദ്ഘാടനം പി.ജെ.ജോസഫ് എം.എൽ.എ. നിർവഹിക്കുന്നു .

ഇടുക്കി: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ റോഡുകളുടെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ. നിർവഹിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച ഇളംദേശം പുഞ്ചത്താഴം പാടശേഖരം റോഡ്, എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും അനുവദിച്ച് നിർമ്മിച്ച വെള്ളിയാമറ്റം, ഉടുമ്പന്നൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെപ്പുകുളം - പന്നിമറ്റം റോഡ്, എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച വെള്ളിയാമറ്റം, ആലക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വെട്ടിമറ്റം - പാലപ്പിള്ളി റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് പി.ജെ. ജോസഫ് നിർവഹിച്ചത്. ഇതിൽ ചെപ്പുകുളം - പന്നിമറ്റം റോഡിന്റെ പൂർത്തീകരണത്തിന് അടുത്ത ഘട്ടമായി എം.എൽ.എ അനുവദിച്ച 30 ലക്ഷം രൂപയുടെ നിർമ്മാണോദ്ഘാടനവും നിർവഹിച്ചു. വിവിധയിടങ്ങളിലായി നടന്ന ചടങ്ങുകളിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യൂ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.മോനിച്ചൻ, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാജശേഖരൻ, വൈസ് പ്രസിഡന്റ് വി.ജി.മോഹനൻ, വെള്ളിയാമറ്റം പഞ്ചായത്തംഗങ്ങളായ രാജു കുട്ടപ്പൻ, ലാലി ജോസി, ഉടുമ്പന്നൂർ പഞ്ചായത്തംഗം ജോയി കൊട്ടാരം എന്നിവർ സംസാരിച്ചു.