pettimudi
പെട്ടിമുടയിലെ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർ അവരുടെ ഓർമകൾ പങ്കുവെയ്ക്കുന്നു...

മൂന്നാർ: തോട്ടങ്ങളിൽ പണിയെടുത്ത് ലയങ്ങളിലേക്ക് മടങ്ങുന്ന തൊഴിലാളികൾ. അവിടെ തമാശകളും, ചിരിയും വർത്തമാനങ്ങളുമായി ഒരു കുടുംബംപോലെ കഴിഞ്ഞിരുന്നവർ. അതായിരുന്നു പെട്ടിമുടിയെന്ന ദേശം. ഒരു വലിയ മഴവെള്ളപാച്ചിലിൽ ഒരുപാട് ജീവനുകൾ ഒറ്റരാത്രിക്കൊണ്ട് മണ്ണിനടിയിൽ അകപ്പെട്ടപ്പോൾ അത്ഭുതകരമായ ചില രക്ഷപ്പെടലുകൾക്ക് ഈ മണ്ണും സാക്ഷ്യം വഹിച്ചു. അതുവരെ ജീവിച്ചിരുന്ന ചുറ്റുപാടുകളും കണ്ടുകൊണ്ടിരുന്ന ആളുകളെയും ഇനിയൊരിക്കലും കാണാൻ കഴിയില്ലെന്ന യാഥാർത്ഥ്യത്തിൽ തന്നെയാണ് ഇവർ. അവർക്ക് പങ്കുവെയ്ക്കാനുള്ളതും പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമകളാണ്. ആ വലിയ ദുരന്തത്തിൽ നിന്ന് ഞങ്ങൾ രക്ഷപ്പെട്ടത് അത്ഭുതകരമെന്ന് അവർ പറയുന്നു. പെട്ടിമുടിൽ മണ്ണിനടിയിലായ നാലു ലയങ്ങളുടെയും അൽപ്പം മുകൾവശത്തായാണ് ഷൺമുഖയ്യയുടെയും വിജയകുമാറിന്റെയും കുടുംബങ്ങൾ താമസിച്ചിരുന്നത്. മലയിടിഞ്ഞു വന്നപ്പോൾ ഈ കുടുംബങ്ങളുടെ മാത്രം വാസസ്ഥലം ആ മണ്ണിൽതന്നെ അവശേഷിച്ചു. കൺമുന്നിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ മുറിവുകൾ ഈ കുടുംബങ്ങൾ പങ്കുവയ്ക്കുന്നു. മലമുകളിൽ നിന്ന് സുനാമി വരുന്നമ്മേയെന്ന് പറഞ്ഞ് അമ്മയുടെ അരികിലേക്ക് ഓടിയെത്തിയ മിഥുനും ഭീതിപ്പെടുത്തുന്ന ആ നിമിഷങ്ങൾ പങ്കുവെച്ചു. ഒരു നിമിഷംകൊണ്ട് എല്ലാം കഴിഞ്ഞു. അവന്റെ കൂട്ടുകാരൊക്കെയും മണ്ണിടിച്ചിലകപ്പെട്ടിരുന്നു. ഒന്നിച്ച് പഠിച്ചിരുന്നവർ, കളികൂട്ടുകാർ... അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒരുനിമിഷംകൊണ്ട് എല്ലാം കഴിഞ്ഞു. ഞങ്ങളുടെ ജീവൻ മാത്രം തിരിച്ച് തന്നു. ഒരു കുടുംബമായി ജീവിച്ചവരെ ഒന്നും ബാക്കിവയ്ക്കാതെ കൊണ്ടുപോയി. പറഞ്ഞ് മുഴുവിക്കാൻ ഇവർക്ക് കഴിയുന്നില്ല. ചെറുപ്പം മുതൽ ഒന്നിച്ച് കളിച്ച് വളർന്ന പ്രിയപ്പെട്ട കൂട്ടുകാരിയെ ഇനിയൊരിക്കലും കാണാൻ കഴിയില്ലെന്നോർത്ത് കരയുന്ന കവിതയും ആ ദുരിതദിനത്തിന്റെ ഓർമയിൽ വിതുമ്പുന്നു. തിരിച്ചുകിട്ടിയ ജീവനും അതിനൊപ്പം നഷ്ടമായ സ്നേഹബന്ധങ്ങളുടെ ഓർമകളും ഇവിടെയുള്ള ഓരോരുത്തരിലുമുണ്ട്.