ഇടുക്കി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മണക്കാട് പഞ്ചായത്തിൽ സെന്റിനൽ സർവേ നടത്തി. വിവിധ സർക്കാർ ഓഫീസിലെ ജീവനക്കാർ, ബാങ്ക് ജീവനക്കാർ, കളക്ഷൻ ഏജന്റുമാർ, കച്ചവടക്കാർ, റേഷൻ വ്യാപാരികൾ, ജനപ്രതിനിധികൾ, ആശ വർക്കർമാർ, ഓട്ടോ തൊഴിലാളികൾ തുടങ്ങിയ വിവിധ മേഖലയിൽ നിന്നും തെരഞ്ഞെടുത്ത ആളുകൾക്കാണ് പരിശോധന നടത്തിയത്. പുറപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിശോധന സംഘടിപ്പിച്ചത്. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വൽസ ജോൺ, വൈസ് പ്രസിഡന്റ് ബി.ബിനോയി പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പുറപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ആഫീസർ ഡോരേഖ ശ്രീധർ, ഹെൽത്ത് സൂപ്പർ വൈസർ കുര്യാച്ചൻ, ഡോക്ടർമാരായ ആൽഫി സാറാ കുര്യൻ, നിഖിത, ലിയ എന്നിവരും പുറപ്പുഴ മണക്കാട് ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും പരിശോധനക്ക് നേതൃത്വം നൽകി. നൂറ്റി ഇരുപത് പേരിൽ പരിശോധന നടത്തി. എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നുവെന്ന് ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു.