ഇടുക്കി : സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രൊബേഷൻ സംവിധാനത്തിന്റെ ഭാഗമായി നിലവിൽ രണ്ട് വർഷമോ അതിലധികമോ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു വരുന്നവരുടെ പെൺമക്കൾക്ക് 30,000 രൂപ വിവാഹ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവാഹം നടന്ന് ആറ് മാസത്തിനുശേഷവും ഒരുവർഷത്തിനകവും അപേക്ഷ സമർപ്പിച്ചിരിക്കണം. വിവാഹം നടന്ന പെൺകുട്ടിയുടെ പിതാവ്/മാതാവ് അല്ലെങ്കിൽ 2 പേരുമോ 2 വർഷമോ അധിലധികമോ തടവു ശിക്ഷ അനുഭവിച്ചു വരുന്നവരായിരിക്കണം. റേഷൻ കാർഡ് ബി.പി.എൽ ആയിരിക്കണം. അപേക്ഷയോടൊപ്പം വിവാഹ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം. ജയിൽ അന്തേവാസിയുടേയും പെൺകുട്ടിയുടേയും പേരുകൾ ഒരേ റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ തടവ് ശിക്ഷ അനുഭവിക്കുന്ന വ്യക്തിയുടെ മകളാണെന്ന് തെളിയിക്കുന്നതിന് വില്ലേജ് ആഫീസറുടെ സാക്ഷ്യപത്രം, നിലവിൽ ദമ്പതികൾ ഒന്നിച്ചു താമസിച്ചു വരുന്നതായി ബന്ധപ്പെട്ട ജനപ്രതിനിധിയുടെ (വാർഡ് മെമ്പർ/കൗൺസിലർ) സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. തടവുശിക്ഷ അനുഭവിച്ചുവരുന്ന പിതാവ്/മാതാവ് അല്ലെങ്കിൽ വിവാഹിതയായ പെൺകുട്ടി എന്നിവരിലൊരാൾക്ക് അപേക്ഷ സമർപ്പിക്കാം. അതത് ജയിൽസൂപ്രണ്ടുമാർ /പ്രൊബേഷൻ ആഫീസർ എന്നിവർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ആഫീസുമായി ബന്ധപ്പെടണം. ഫോൺ: 04862220126. അപേക്ഷഫോറം നേരിട്ട് ആഫീസിൽ നിന്നോ അല്ലെങ്കിൽ www.sjd.kerala.gov.in എന്ന വെബ്‌സൈറ്റിൽ സോഷ്യൽ ഡിഫൻസ് എന്ന ലിങ്കിലും ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്തംബർ 15.