pettimudi

മൂന്നാർ: രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. ഇന്നലെ നടത്തിയ തെരച്ചിലിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി സമീപത്തെ പുഴയിൽ നിന്ന് കണ്ടെടുത്തു. സുമതി (55), നദിയ (10), ലക്ഷണശ്രീ (10) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇവരുടെ സംസ്‌കാര ചടങ്ങുകളും ഇന്നലെ തന്നെ പൂർത്തീകരിച്ചു. സുമതിയുടെ മൃതദേഹമാണ് ഇന്നലെ ആദ്യം കണ്ടെത്തിയതെങ്കിലും ഇവരെ തിരിച്ചറിയാൻ താമസിച്ചു. ഇനി 14 പേരെ കൂടി കണ്ടെത്താനുണ്ട്. പെട്ടിമുടിയിൽ ഇന്നലെ പകൽ മഴമാറി നിന്നത് തെരച്ചിൽ ജോലികൾക്ക് സഹായകരമായി.

ഇന്നലെ ദുരന്തഭൂമിക്ക് സമീപത്തുകൂടി ഒഴുകുന്ന പുഴ കേന്ദ്രീകരിച്ചായിരുന്നു തെരച്ചിൽ കൂടുതൽ ഊർജ്ജിതമായി നടന്നത്. ദുരന്തമുണ്ടായ പെട്ടിമുടിയിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രം ദൂരത്തുള്ള ഗ്രാവൽ ബങ്കിൽ വീടുകളുടെയും വാഹനങ്ങളുടെയും അവശിഷ്ടങ്ങളും വലിയ അളവിൽ മണ്ണും മണലും വന്നടിഞ്ഞിട്ടുണ്ട്. ഇവിടേക്ക് കൂടുതൽ മണ്ണ് മാന്തിയന്ത്രങ്ങൾ എത്തിച്ച് മണലും അവശിഷ്ടങ്ങൾ നീക്കിയും തെരച്ചിൽ നടത്തി. ലയങ്ങൾ സ്ഥിതി ചെയ്തിരുന്ന ദുരന്തഭൂമിയിലും ഇന്നലെ തെരച്ചിൽ തുടർന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഈ മേഖലയിൽ നിന്ന് ആരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. എൻ.ഡി.ആർ.എഫ്, പൊലീസ്, ഫയർഫോഴ്സ്, വനംവകുപ്പ്, വിവിധ സന്നദ്ധപ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ ജോലികൾ പുരോഗമിക്കുന്നത്.

ഗവർണറും മുഖ്യമന്ത്രിയും ഇന്ന് പെട്ടിമുടിയിൽ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് പെട്ടിമുടി സന്ദർശിക്കും. രാവിലെ ഒമ്പതിന് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ ഇരുവരും മൂന്നാർ ആനച്ചാലിലെത്തും. ഇവിടെ നിന്ന് കാറിൽ പെട്ടിമുടി വരെയെത്തി ദുരന്തഭൂമി സന്ദർശിച്ച ശേഷം രണ്ടിന് മടങ്ങും.