* ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം അടച്ചു
തൊടുപുഴ: കൊവിഡ് വ്യാപനം തൊട്ടടുത്ത് ഉണ്ടെന്ന് സൂചന നൽകി തൊടുപുഴയിലും ഇടവെട്ടിയിലും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൊടുപുഴ ഡിവൈ.എസ്.പി ഓഫീസും ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രവും അടച്ചു. ഡി.വൈ.എസ്.പി. ഓഫീസിലെ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതോടെ ഡിവൈ.എസ്.പി. ഉൾപ്പടെയുള്ളവരാണ് നിരീക്ഷണത്തിൽ പോയിരിക്കുന്നത്. ഇടവെട്ടിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. മറ്റൊരു കുടുംബത്തിലെ മൂന്ന് പേർക്ക് കൂടി രോഗം പകർന്നിട്ടുണ്ട്. നഗരസഭ പരിധിയിലെ ഒരു രോഗി ചികിത്സയ്ക്ക് വന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം അടച്ചത്.മാർത്തോമയ്ക്ക് സമീപം 11-ാം വാർഡിൽ ആറംഗ കുടുംബത്തിലെ മൂന്ന് പേർക്ക് രോഗം കണ്ടെത്തി. ഇവരുടെ ഉറവിടവും വ്യക്തമല്ല. അതേ സമയം മൂവാറ്റുപുഴയിലും കട്ടപ്പനയിലും ഇവർ ബന്ധുക്കളുടെ വീട്ടിൽ പോയതായാണ് ലഭിക്കുന്ന വിവരം. ഈ യാത്രയിലാകും രോഗം ബാധിച്ചതെന്നാണ് സൂചന. നഗരസഭ മേഖലയിലെ താമസക്കാരനായ കൊവിഡ് സ്ഥിരീകരിച്ച ഒരാൾ ഇഞ്ചക്ഷൻ എടുക്കാൻ ഏഴിന് എത്തിയിരുന്നു. നാലിന് മാർത്തോമയിൽ രോഗം കണ്ടെത്തിയവരിൽ ഒരാൾ ഡോക്ടറെ കാണാനും ആശുപത്രിയിലെത്തിയിരുന്നു. ആരോഗ്യ പ്രവർത്തകരുടെ ഫലം വന്ന ശേഷം അടുത്ത വാരം ആകും ആശുപത്രി ഇനി തുറക്കുക. അതേ സമയം രോഗം കണ്ടെത്തിയ മാർത്തോമയിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം നിരോധിച്ചു. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച രണ്ടാം വാർഡായ തൊണ്ടിക്കുഴയിലെ ചുമട്ടുതൊഴിലാളിയുടെ കുടുംബത്തിനും രോഗം ബാധിച്ചു. ഭാര്യയ്ക്കും രണ്ട് പെൺകുട്ടികൾക്കുമാണ് അസുഖം വന്നത്. ഇതോടെ സ്ഥലത്ത് പൊലീസ് കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തി. മൂവർക്കും രോഗ ലക്ഷണങ്ങളിലില്ലായിരുന്നു.അതേ സമയം ആദ്യം രോഗം ബാധിച്ച തൊഴിലാളി ഫലം പോസിറ്റീവായി ചൊവ്വാഴ്ച വീട്ടിൽ മടങ്ങിയെത്തി. കാഞ്ഞിരമറ്റം ജംഗ്ഷനിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കച്ചവടം നടത്തിയ സ്ഥാപനം തഹസിൽദാറും നഗരസഭയും അടപ്പിച്ചു.