kitt
ഏലപ്പാറ ഗവ. സ്‌കൂളിലെ തോട്ടം തൊഴിലാളികളുടെ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി കട്ടപ്പനയിലെ പൊതുപ്രവർത്തകർ ഭക്ഷ്യധാന്യ കിറ്റുകൾ തയാറാക്കുന്നു.

കട്ടപ്പന: ലോക്ക് ഡൗണും പിന്നാലെയെത്തിയ പേമാരിയും ദുരിതങ്ങൾ മാത്രം സമ്മാനിച്ച ഏലപ്പാറയിലെ തോട്ടം തൊഴിലാളികൾക്ക് പൊതുപ്രവർത്തകരുടെയും യുവാക്കളുടെയും കരുതൽ. ഏലപ്പാറ ഗവ. സ്‌കൂളിലെ തോട്ടം തൊഴിലാളികളുടെ കുട്ടികൾക്കാണ് ഓണത്തിനു മുന്നോടിയായി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്. സ്‌കൂളിലെ എസ്.പി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ കിറ്റുകൾ നൽകാൻ തീരുമാനിച്ചപ്പോൾ അധ്യാപകനും എസ്.പി.സി. ഓഫീസറുമായ ഫൈസൽ മുഹമ്മദ്, കട്ടപ്പനയിലെ സുഹൃത്തുക്കളെ കാര്യമറിയിച്ചു. പൊതുപ്രവർത്തകൻ കെ.എൻ. വിനീഷ്‌കുമാറും സഹപ്രവർത്തകരും ചേർന്ന് ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ചു. കട്ടപ്പന, ചെറുതോണി, കരിമ്പൻ എന്നിവിടങ്ങളിലെ സുമനസുകളും കാഞ്ചിയാർ സഹകരണ ബാങ്ക്, കട്ടപ്പന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ എന്നിവർ കൈയയച്ചു സഹായിച്ചു. 2000ൽപ്പരം കിലോഗ്രാം ഭക്ഷ്യസാധനങ്ങൾ 200 കിറ്റുകളാക്കി ഇന്നലെ ഏലപ്പാറ സ്‌കൂളിലേക്കു കയറ്റിയയച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വരും ദിവസങ്ങളിലും കട്ടപ്പനയിലെ സന്നദ്ധപ്രവർത്തകർ കിറ്റുകൾ എത്തിച്ചു നൽകും. കൂടാതെ ജില്ലയിലെ മറ്റു തൊഴിലാളി ലയങ്ങളിലുള്ള കുട്ടികൾക്കും കിറ്റുകൾ നൽകാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, എസ്.പി.സി. എ.ഡി.എൻ.ഒ. സുരേഷ് ബാബുവിന് കിറ്റുകൾ കൈമാറി. കട്ടപ്പന നഗരസഭ കൗൺസിലർ ടിജി എം.രാജു, ആരോഗ്യപ്രവർത്തകൻ ഷാജ്‌മോൻ, എസ്. വിപിൻ, വിനോദ് വർഗീസ്, വിശാഖ് മോഹൻദാസ്, പി.എസ്. അനൂപ്കുമാർ, റോബിൻ തങ്കച്ചൻ, ജോമോൻ കെ.രാജു, വി.എസ്. രതീഷ് എന്നിവർ നേതൃത്വം നൽകി.