ഇടുക്കി : കൊവിഡ് പശ്ചാത്തലത്തിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്ന ക്ഷീരകർഷകർക്ക് കൈത്താങ്ങ് എന്ന നിലയിൽ കാലിത്തീറ്റ വിതരണം ചെയ്യാൻ ക്ഷീരവികസന വകുപ്പ് തീരുമാനിച്ചു.ക്ഷീരവികസനവകുപ്പിനു കീഴിൽ രജിസ്റ്റർ ചെയ്ത ക്ഷീരസംഘങ്ങളിൽ പാൽ അളന്ന ക്ഷീരകർഷകർക്ക് ,50 കിലോയുള്ള ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 400 രൂപയാണ് സബ്‌സിഡി നൽകുന്നത്. ക്ഷീര കർഷകർ സംഘത്തിൽ അളന്ന പാലിന്റെ അടിസ്ഥാനത്തിൽ കർഷകരെ മൂന്ന് വിഭാഗങ്ങൾ ആയി തിരിച്ചാണ് ധനസഹായം നൽകുന്നത്. പ്രതിദിനം 10 ലിറ്റർ വരെ പാൽ അളന്ന ക്ഷീരകർഷകർക്ക് പരമാവധി 2 ചാക്കും , 11 മുതൽ 20 ലിറ്റർ വരെ പാൽ അളന്നവർക്ക്പരമാവധി 3 ചാക്കും, 20 ലിറ്ററിനു മുകളിൽ പാൽ അളന്നവർക്ക് പരമാവധി 5 ചാക്കും ആണ് ഇപ്രകാരം സബ്‌സിഡി നിരക്കിൽ നൽകാൻ കഴിയുന്നത്. ഇടുക്കി ജില്ലയിൽ ' കാറ്റഗറി എ' യിൽ 8220 കർഷകർ, ' കാറ്റഗറി ബി ' യിൽ 2722 , ' കാറ്റഗറി സി' യിൽ 1649 കർഷകർ എന്നിങ്ങനെ ആകെ 12,591 ക്ഷീരകർഷകർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജില്ലയിൽ 21,658 ചാക്ക് കേരളാ ഫീഡ്‌സ് എലൈറ്റും , 2973 ചാക്ക് മിൽമ ഗോൾഡും ഉൾപ്പെടെ 24, 631 ചാക്ക് കാലിത്തീറ്റ നൽകാൻ ആണ് ലക്ഷ്യമിടുന്നത്. 98.524 ലക്ഷം രൂപയാണ് സബ്‌സിഡി ആയി ഈയിനത്തിൽ ക്ഷീരകർഷകർക്ക് ലഭിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം 17 ന് രാവിലെ 10 ന് ക്ഷീരവികസന മന്ത്രി കെ രാജു ഫേസ്ബുക്ക് ലൈവ് പ്രോഗ്രാമിലൂടെ നിർവഹിക്കും.