കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ രക്ഷകർത്താക്കളെ ഉൾപ്പെടുത്തിയുള്ള ഓൺലൈൻ മീറ്റിംഗുകൾക്ക് തുടക്കമായി. കൊവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ അദ്ധ്യയന വർഷത്തെക്കുറിച്ചുള്ള രക്ഷകർത്താക്കളുടെ ആശങ്കകൾ പങ്കുവയ്ക്കാനും നിർദേശങ്ങൾ നൽകാനുമായി ഓരോ ക്ലാസിലെയും രക്ഷകർത്താക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓൺലൈൻ ക്ലാസ് പിറ്റിഎ മീറ്റിംഗുകൾക്കാണ് തുടക്കമായത്.

കൂടുതൽ പേരും കുടുംബസമേതം പങ്കെടുത്തു. അതുകൊണ്ട് ഇത് ഒരു ക്ലാസ് പിറ്റിഎ അല്ല, ഒരു ക്ലാസ് കുടുംബ സംഗമം എന്ന് പറയുന്നതാണ് ഉചിതം എന്ന് മീറ്റിംഗിനെ അഭിസംബോധന ചെയ്തുകൊണ്ട് ഹെഡ്മാസ്റ്റർ സജി മാത്യു അഭിപ്രായപ്പെട്ടു.
.ഗൂഗിൾ മീറ്റ്, ജിയോ മീറ്റ് തുടങ്ങിയ മീറ്റിംഗ് സങ്കേതങ്ങൾ ഉപയോഗിച്ച് നാല്പതോളം വരുന്ന ക്ലാസ് ഡിവിഷനുകളിൽ വരും ദിവസങ്ങളിൽ ക്ലാസ് പിറ്റിഎ മീറ്റിംഗ് സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉദ്ഘാടന ക്ലാസ് പിറ്റിഎയുടെ സംഘാടകനായ ജയ്‌സൺ ജോസ് പറഞ്ഞു.