മൂന്നാർ: രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിനിരയായ കുടുംബങ്ങൾക്ക് പുതിയ വീട് നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പെട്ടിമുടി സന്ദർശനത്തിനും തുടർന്നുള്ള അവലോകന യോഗത്തിനും ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തേ ഉരുൾപൊട്ടലുണ്ടായ പുത്തുമലയിലും കവളപ്പാറയിലും കുടുംബങ്ങളുടെ പുനരധിവാസം സർക്കാർ ഉറപ്പ് വരുത്തി. അതേ നിലപാട് പെട്ടിമുടിയിലും സ്വീകരിക്കും. ദുരന്ത സ്ഥലത്ത് ഇനി വീടുകൾ പണിയുക പ്രയാസകരമാണ്. പുതിയ സ്ഥലവും വീട് നിർമിക്കാനുള്ള സഹായവും വേണം. അതിൽ കണ്ണൻദേവൻ കമ്പനിക്ക് ചെയ്യാൻ സാധിക്കുന്നത് ചെയ്യണം.. കുട്ടികളുടെ വിദ്യാഭ്യാസ ചെലവും സർക്കാർ വഹിക്കും. രക്ഷപ്പെട്ടവരുടെ ചികിത്സാ ചെലവ് സർക്കാരാണ് വഹിക്കുന്നത്.പെട്ടിമുടിയിൽ നിന്നും മറ്റ് ലയങ്ങളിലേക്ക് മാറി താമസിക്കുന്നവർക്ക് നിലവിൽ വരുമാനമില്ല. അത്തരം കാര്യങ്ങൾ കമ്പനി പരിഗണിച്ച് ആവശ്യമായ സഹായം ചെയ്യണം. ലയങ്ങളുടെ അറ്റകുറ്റപ്പണികളടക്കം ചില കാര്യങ്ങൾ കമ്പനിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും . മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ രാവിലെ 9.30ന് ഗവർണർ ആരീഫ് മുഹമ്മദ്ഖാനൊപ്പം ഹെലികോപ്ടറിൽ മുഖ്യമന്ത്രി ആനച്ചാലിലും,തുടർന്ന് കാറിൽ 11 മണിയോടെ പെട്ടിമുടിയിലുമെത്തി. മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കളുടെ ആവലാതികൾ കേട്ടു. അര മണിക്കൂറോളം സ്ഥലത്ത് ചെലവഴിച്ച ശേഷം മൂന്നാറിലേക്ക് മടങ്ങി.
രാജ്യത്തിന്റെ മുഴുവൻ
വേദന: ഗവർണർ
രാജ്യത്തിന്റെ മുഴുവൻ വേദനയാണ് രാജമല ദുരന്തമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു. . പെട്ടിമുടിയിൽ ദുരന്തസ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാർ ടീ കൗണ്ടിയിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലും ഗവർണർ പങ്കെടുത്തു.