തൊടുപുഴ: കൊവിഡ് 19 നിയന്ത്രണം ലംഘിച്ച് മത്സ്യ മൊത്ത വ്യാപാരം നടത്തുന്നതിനിടെ അഞ്ച് ട്രക്കുകൾ പൊലീസ് പിടിച്ചെടുത്തു. മൂന്ന് വാഹനങ്ങൾ ഗോഡൗണുകളിൽ നിന്നും രണ്ടെണ്ണം റോഡിൽ നിന്നുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. പിടിച്ചെടുത്തതിൽ 13 പെട്ടി മത്സ്യം അഴുകിയതാണെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
കൊവിഡ് 19 നിയന്ത്രങ്ങളുടെ ഭാഗമായി തൊടുപുഴ നഗരസഭാ അതിർത്തിക്കുള്ളിൽ ആഗസ്ത് 20 വരെ വഴിയോര കച്ചവടങ്ങളും മത്സ്യ വ്യാപാരവും പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. ഇത്തരം നിയന്ത്രണങ്ങൾ നിലനിൽക്കെ ബുധനാഴ്ച്ച രാത്രി 10 മണിയോടെ വെങ്ങല്ലൂരിലെ സ്വകാര്യ മത്സ്യ വ്യാപാര ഗോഡൗണില വെങ്ങല്ലൂർ സിഗ്‌നൽ ജംഗ്ഷന് സമീപത്തെ പോക്കറ്റ് റോഡിലും ശീതീകരിച്ച ട്രക്കുകളിൽ ടൺ കണക്കിന് മത്സ്യമെത്തിക്കുകയായിരുന്നു. ഇത് വാങ്ങുന്നതിനായി നൂറിലധികം ചെറുകിട കച്ചവടക്കാർ ഓട്ടോറിക്ഷ, മിനിലോറി, പിക്ക് അപ്പ് വാൻ, ഇരുചക്രവാഹനം എന്നിവയിലായി ട്രക്കുകൾക്ക് സമീപത്ത് കൂടി. ഇതോടെ തൊടുപുഴ മൂവാറ്റുപുഴ റോഡിലും പോക്കറ്റ് റോഡിലും ഗതാഗതം തടസപ്പെട്ടു. സ്ഥലത്ത് വലിയ ആൾക്കൂട്ടവും ബഹളവുമായതോടെ പ്രദേശവാസികൾ തൊടുപുഴ പൊലീസിൽ വിവരമറിയിച്ചു. എസ്.ഐ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി മത്സ്യ വ്യാപാരം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ട്രക്കുകൾ കസ്റ്റഡിയിലെടുക്കാൻ വ്യാപാരികൾ സമ്മതിക്കാതെ പൊലീസുദ്യോഗസ്ഥരെ തടഞ്ഞു. ഇതേ തുടർന്ന് തൊടുപുഴ ഡിവൈ.എസ്.പി.യുടെ നിർദ്ദേശപ്രകാരം എസ്.ഐ. ബൈജു.പി.ബാബുവിന്റെ നേതൃത്വത്തിൽ മുട്ടം, കരിങ്കുന്നം സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പോലീസുകാർ സ്ഥലത്തെത്തിയാണ് വാഹനങ്ങൾ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് മാറ്റിയത്.
സംഭവത്തിൽ മത്സ്യം എത്തിച്ച നീരാളി ഫിഷറീസ്, കെ.എൻ.എസ്. ഫിഷറീസ് എന്നീ സ്ഥാപനങ്ങർക്കെതിരെയും നടത്തിപ്പുകാരായ കാപ്പ് കാക്കടവിൽ കൃഷ്ണകുമാർ, വെങ്ങല്ലൂർ ആനിമൂട്ടിൽ നിഷാദ്, നിസാർ എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തു. ഒരാഴ്ച മുമ്പ് മങ്ങാട്ടുകവലയ്ക്ക് സമീപം രാത്രിയിൽ എത്തിയ മീൻ കയറ്റിയ ട്രക്ക് തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വാഹനങ്ങൾക്ക്
പിഴ
കേരള പകർച്ചവ്യാധി രോഗ ഓർഡിനൻസ്, ദുരന്ത നിവാരണ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന് പുറമേ കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് ഓരോ വാഹനങ്ങൾക്കും 5000 രൂപാ വീതം പിഴയിടുകയും ചെയ്തു.
പതിമൂന്ന്പെട്ടി
അഴുകിയ മത്സ്യം
ഇന്നലെ ഉച്ചയോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ സന്തോഷ് കുമാർ, ഐശ്വര്യ ആർ എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പധികൃതർ വാഹനങ്ങളിൽ പരിശോധന നടത്തി. ഒരു ട്രക്കിലെ മത്സ്യം അഴുകിയതായി കണ്ടെത്തി. ഇത് നശിപ്പിക്കുന്നതിന് തൊടുപുഴ നഗരസഭക്ക് കൈമാറി. അഴുകിയ മത്സ്യം എത്തിച്ചതിന് ഭക്ഷ്യ സുരക്ഷാ വകുപ്പും കേസെടുത്ത് പിഴയീടാക്കി. തമിഴ്‌നാട് കുളച്ചിൽ എന്ന സ്ഥലത്ത് നിന്നുമാണ് മത്സ്യം എത്തിച്ചതെന്ന് അധികൃതർ പറഞ്ഞു.