കട്ടപ്പന: രാജ്യത്തെ ചെറുകിടനാമമാത്ര തേയില കർഷകരുടെ ജീവിതം താറുമാറാക്കുന്ന തേയിലപ്പൊടി ഇറക്കുമതിക്കു പിന്നിൽ വൻകിട ലോബികളാണെന്ന് ചെറുകിട തേയില കർഷക ഫെഡറേഷൻ പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ ആരോപിച്ചു. ലോക്ക് ഡൗൺ കാലത്ത് കൊളുന്ത് വിൽക്കാൻ കഴിഞ്ഞിരുന്നില്ല. ഫാക്ടറികളും അടഞ്ഞുകിടന്നിരുന്നു. ഇതോടെയാണ് ഉദ്പ്പാദനം കുറഞ്ഞത്. ഇതു മനസിലാക്കാതെയാണ് ഇറക്കുമതിക്ക് ശ്രമിക്കുന്നത്. ഉൽപാദനക്കുറവിനിടെ 23 രൂപയോളം പച്ചക്കൊളുന്തിന് വില വന്നതോടെ കർഷകർ ആശ്വാസത്തിലാണ്. എന്നാൽ ഇറക്കുമതി നീക്കം തിരിച്ചടിയാകും. ആസിയാൻ, ഗാട്ട് കരാറുകളുടെ പേരിൽ നടത്തിയ ഇറക്കുമതിയുടെ പേരിൽ ദുരിതം പേറിയത് കർഷകർ മാത്രമാണ്. തേയില ഉൽപാദക സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആസാം, ബംഗാൾ, ത്രിപുര, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷക സംഘടനകളുമായി ചേർന്ന് അതാതു പ്രദേശങ്ങളിലെ ടീ ബോർഡ് ഓഫീസ് പടിക്കൽ സമരം നടത്തുമെന്നും വൈ.സി. സ്റ്റീഫൻ അറിയിച്ചു.