house

തൊടുപുഴ: അധികൃതരുടെ വാക്ക് വിശ്വസിച്ച് കിടപ്പാടം പൊളിച്ച കൂലിപ്പണിക്കാരനായ യുവാവ് നെട്ടോട്ടം ഓടുന്നു. മുട്ടം പഞ്ചായത്ത് ഒൻപതാം വാർഡിൽ തുടങ്ങനാട് കരിമ്പാനിയിൽ സാബുവിനാണ് ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്. വീടു നിർമാണത്തിനായി സർക്കാരിൽ നാലു ലക്ഷം രൂപ ലഭിക്കും എന്ന് അധികൃതരിൽ നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സാബു നിലവിൽ താമസിച്ച് വന്ന വീട് പൊളിച്ചത്. എന്നാൽ വീട് പൊളിച്ച് പുതിയത് വീട് നിർമ്മാണം പാതി എത്തിയപ്പോഴാണ് 95100 രൂപ മാത്രമാണ് ലഭിക്കു എന്ന കാര്യം അധികൃതർ സാബുവിനെ അറിയിച്ചത്. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ഉണ്ടായ കാലവർഷത്തിൽ സാബുവിന്റെ വീടിന്റെ ഒരു മുറി ഒഴികെ ബാക്കിയുള്ള മുഴുവൻ ഭാഗവും കർന്നു പോയിരുന്നു. സംഭവം അറിഞ്ഞ് റവന്യു, പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച് നഷ്ടപരിഹാരത്തിന് ശുപാർശ നൽകുകയും ചെയ്തു. പിന്നീട് നഷ്ടപരിഹാരമായി നാലു ലക്ഷം അനുവദിച്ചെന്നും ആദ്യ ഗഡുവായി 95100 അനുവദിച്ചെന്നും അറിയിച്ചു. ഇതോടെ ആകെയുണ്ടായിരുന്ന ഒറ്റമുറി വീട് പൊളിച്ചു മാറ്റി സാബു വീടു നിർമാണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ റവന്യു ഉദ്യോഗസ്ഥർ എത്തി നിർമാണ പുരോഗതി വിലയിരുത്തുകയും ചെയ്തു. ഈ വർഷം മഴയെത്തുന്നതോടെ നിർമാണം പൂർത്തിയാക്കണമെന്ന ഉദ്ദേശത്തോടെ ലഭിച്ച തുകയ്ക്കു പുറമെ കടം വാങ്ങിയും മറ്റുമാണ് തറയും ഭിത്തിയും നിർമിച്ചത്. പിന്നീട് അടുത്ത ഗഡു എത്താതെ വന്നതോടെ വില്ലേജ് ഓഫീസിൽ എത്തി അന്വേഷിച്ചതോടെയാണ് ആകെ അനുവദിച്ചിരിക്കുന്നത് 95100 രൂപ മാത്രമാണെന്ന് വ്യക്തമായത്. ഇപ്പോൾ നിർമാണം എങ്ങുമെത്താത്ത വീടിനു സമീപം ഷെഡ് നിർമിച്ച് താമസിക്കുകയാണ് സാബുവും കുടുംബവും. സാബു പിന്നീട് ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഈ തുക മാത്രമാണ് സർക്കാർ അനുവദിച്ചിരിക്കുന്നതെന്നാണ് ഇവരുടെ വിശദീകരണം. ഉദ്യോഗസ്ഥരുടെ വാക്കു കേട്ട് വീടു നിർമാണം ആരംഭിച്ചതിനെ തുടർന്ന് കടക്കെണിയിലാണ് സാബു ഇപ്പോൾ. തനിയ്ക്ക് അർഹമായ നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയിരിക്കുകയാണ് സാബു

'കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ വീടുകൾ തകർന്നവർക്ക് 95100 രൂപമാണ് സർക്കാരിൽ നിന്നും നഷ്ടപരിഹാരം അനുവദിച്ചത്. പിന്നീട് ജൂലൈ മാസത്തിൽ വീടു തകർന്നവർക്ക് നാലു ലക്ഷം വീതം അനുവദിക്കുകയും ചെയ്തു. സാബുവിന് വീടു നിർമാണം പൂർത്തിയാക്കാനുള്ള സഹായം നൽകുമെന്നും ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ട് '
കുട്ടിയമ്മ മൈക്കിൾ
പ്രസിഡന്റ് മുട്ടം ഗ്രാമ പഞ്ചായത്ത്