vazha

ചെറുതോണി: ശക്തമായ കാറ്റിലും മഴയിലും വാഴത്തോട്ടം തകർന്നു. വാത്തിക്കുടി പഞ്ചായത്തിൽ പതിനാറാംകണ്ടത്ത് പാട്ടത്തിന് സ്ഥലമെടുത്ത് നടത്തിയ വാഴകൃഷിയാണ് കഴിഞ്ഞ ദിവസം നശിച്ചത്. കൊന്നക്കാമാലി അപ്പടാകത്ത് ജിജോ ജോയിയും സുഹൃത്തുക്കളും ചേർന്നാണ് വാഴകൃഷി നടത്തിയത്. ഇവർ കർഷക സ്വയംസഹായ സംഘങ്ങളിൽ നിന്നും വായ്പ എടുത്താണ് കൃഷി നടത്തിയത്. ആയിരം വാഴയാണ് ഇവിടെ കൃഷി ചെയ്തത്. ഇവയിൽ പകുതിയിലധികവും മഴയിലും കാറ്റിലും ഒടിഞ്ഞുവീണു. പകുതി മൂപ്പെത്തിയ വാഴക്കുലകളാണ് നശിച്ചത്. ഇതോടെ വലിയ സാമ്പത്തിക ബാദ്ധ്യതയിലായിരിക്കയാണ് യുവാക്കൾ. കൃഷിഭവനിൽ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചെങ്കിലും സ്ഥലത്തിന് പട്ടയമില്ലാത്തതിനാൽ നഷ്ടപരിഹാരവും ലഭിക്കില്ല. വാഴകൃഷി ചെയ്തപ്പോൾ നാശനഷ്ടമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അതുകൊണ്ട് പട്ടയമുള്ള സ്ഥലമാണോയെന്ന് നോക്കിയില്ലെന്നും യുവാക്കൾ പറഞ്ഞു. വാഴത്തോട്ടം നശിച്ചതോടെ യുവാക്കൾ മാനസികമായും സാമ്പത്തികമായും തകർന്നിരിക്കയാണ്.