ഭാരതം സ്വാതന്ത്രമായതും വിഭജിക്കപ്പെട്ടതും ഒരേ രാത്രിയിലായിരുന്നു. പിന്നീട് സ്വതന്ത്രഭാരതം നേരിട്ട പ്രധാന പ്രതിസന്ധി വിഭജനത്തിന്റെ പ്രത്യാഘാതങ്ങളാണെന്ന് പറയേണ്ടിവരും. ദ്വിരാഷ്ട്രവാദം അംഗീകരിക്കാൻ ദേശീയ നേതാക്കൾ നിർബന്ധിതരായതോടെ ഉണങ്ങാത്ത ഒരു മുറിവ് ഭാരതത്തിൽ ശേഷിച്ചു. സ്വതന്ത്രഭാരതത്തിന്റെ ഭാവി രാഷ്ട്രീയത്തിന്റെയും സമാധാനത്തിന്റെയും പിന്നീടുള്ള ഗതിയെ അത് വല്ലാതെ സ്വാധീനിച്ചു.
ജനങ്ങളുടെ പലായനവും വർഗ്ഗീയ ലഹളയും മറ്റുമായി വിഭജനത്തെ തുടർന്നുണ്ടായ അനിശ്ചിതത്വവും അനാഥത്വവും സ്വാതന്ത്ര്യാനന്തരഭാരതത്തിൽ കുറേക്കാലം നിലനിന്നു. ജവഹർലാൽ നെഹ്‌റുവിനെപ്പോലുള്ള ഒരാളുടെ നേതൃത്വം ഇന്ത്യയ്ക്ക് ലഭിച്ചതിനാൽ സൃഷ്ടിപരമായ ചില കാര്യങ്ങൾ ഇവിടെ സാദ്ധ്യമായി. അതുവരെ കോൺഗ്രസിൽനിന്നൊക്കെ വിട്ടുനിന്നിരുന്ന അംബേദ്കർ അടക്കമുള്ളവരുടെ സഹായത്തോടെ ഭാരതത്തിന് ഒരു ഭരണഘടനയുണ്ടാക്കാനായി. അതായിരുന്നു ഭാരതത്തിന്റെ കരുത്ത്.
സ്വതന്ത്രഭാരതം നേരിട്ട മറ്റൊരു പ്രശ്‌നം അയൽ രാജ്യങ്ങളുമായുള്ള ഏറ്റുമുട്ടലുകളാണ്. ഇന്ത്യയോടുള്ള ശത്രുതയിൽ നിന്ന് ജനിച്ച പാകിസ്ഥാൻ എല്ലാക്കാലത്തും നമുക്ക് ഒരു അലോസരമായി നിലനിന്നു. ഇടയ്ക്കിടെ അതിർത്തിലംഘനങ്ങളും ഏറ്റുമുട്ടലുകളുമായി അത് ഇന്നും തുടരുന്നു. രണ്ടുമൂന്ന് പ്രാവശ്യം യുദ്ധസാഹചര്യത്തിലേയ്ക്ക് എത്തിയെങ്കിലും അതൊന്നും ഭാരതത്തിന്റെ വളർച്ചയെ കാര്യമായി ബാധിച്ചുവെന്ന് വിലയിരുത്താൻ കഴിയില്ല.
ദേശീയപ്രസ്ഥാനമായി രൂപം കൊണ്ട് , സ്വാതന്ത്ര്യാനന്തര ഭരണ കർത്താക്കളായി മാറിയ കോൺഗ്രസ് ദുർബലമായതാണ് പുതിയ കാലം സാക്ഷിയാവുന്ന വൈരുദ്ധ്യങ്ങളിലൊന്ന്. നേതൃത്വത്തിലുണ്ടായിരുന്നു ആദ്യ തലമുറയ്ക്കു പിന്നാലെ ശക്തമായ ഒരു പുതിയൊരു തലമുറ ഉയർന്നു വന്നില്ലെന്നതാണ് കോൺഗ്രസ് അഭിമുഖീകരിച്ച വെല്ലുവിളി. കോൺഗ്രസിന്റേതുപോലെ ദേശീയപ്രക്ഷോഭങ്ങളുടെ പാരമ്പര്യമില്ലാത്ത ഒരു രാഷ്ട്രീയ പാർട്ടിയാണ് ബി.ജെ.പിയെങ്കിലും കോൺഗ്രസിന്റെ ശക്തിക്ഷയം കൊണ്ടുണ്ടായ ശൂന്യത നികത്താൻ അവർക്ക് കുറെയെക്കെ കഴിഞ്ഞു.ശക്തമായ ദേശീയകക്ഷികളാണ് ജനാധിപത്യത്തെ ശക്തമായി നിലനിർത്തുന്നത് എന്നത് മറന്നുകൂടാ. അതുകൊണ്ട് അവയുടെ ബലാബലം നിലനിൽക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. ജനാധിപത്യം, മതേതരത്വം തുടങ്ങിയ അടിസ്ഥാന ആശയങ്ങളോടുള്ള സമീപനത്തിലും പുതിയ കാലത്ത് പുതിയ നിർവചനങ്ങൾ വരുന്നുവെന്നത് നാം വിമർശന ബുദ്ധിയോടെ വിലയിരുത്തേണ്ട ഒന്നാണ്.
കഴിഞ്ഞ ഏഴു ദശാബ്ദത്തെ ഭാരതത്തിന്റെ ചരിത്രം പരിശോധിച്ചാൽ നാം സ്വാതന്ത്ര്യം നേടിയ കാലത്തുതന്നെ സ്വതന്ത്രമായ മ്യാൻമാർ, ശ്രീലങ്ക, പാകിസ്ഥാൻ, ഇന്തോനേഷ്യ തുടങ്ങിയവയേക്കാൾജനാധിപത്യത്തിന്റെ കാര്യത്തിൽ ഭാരതത്തിന്റെ നില വളരെ ഉയരെയാണ്. ഭാരതത്തിൽ ഇക്കാലമത്രയും ഭരണഘടന നിലനിന്നു എന്നത് ചെറിയ കാര്യമല്ല. ഇപ്പോഴും ഫെഡറൽ അധികാരങ്ങൾക്കൊന്നും കോട്ടമുണ്ടായിട്ടില്ല. നീതിന്യായ വ്യവസ്ഥയിലും നാം ശക്തമാണ്. നാം അനുഭവിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും പ്രവർത്തന സ്വാതന്ത്ര്യത്തിന്റെയും മൂല്യം മറ്റു രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോഴേ നമുക്ക് തിരിച്ചറിയാനാവൂ. അത് കെടാതെ കാക്കുകയാണ് ഓരോ സ്വാതന്ത്യദിനവും നമുക്ക് നൽകുന്ന സന്ദേശം.