മൂന്നാർ: രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തമേഖലയിൽ ഇന്നലെ നടത്തിയ തെരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്താനായില്ല. ഇതുവരെ 55 മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. തൃശൂർ പൊലീസ് അക്കാഡമിയിൽ നിന്ന് ഡോഗ് സ്‌ക്വാഡിനെ വീണ്ടും തെരച്ചിലിന് എത്തിക്കാനാണ് നീക്കം. ദുരന്തമേഖലയിൽ നിന്ന് നാലു കിലോമീറ്ററകലെ ഗ്രാവൽ ബങ്ക് മേഖലയിലാണ് ഇപ്പോൾ പ്രധാനമായും തെരച്ചിൽ നടക്കുന്നത്. ലയങ്ങൾ ഉണ്ടായിരുന്ന സ്ഥലത്ത് തത്കാലം തെരച്ചിൽ നിറുത്തി വച്ചിരിക്കുകയാണ്. മണ്ണിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്താൻ ഹൈദരാബാദിൽ നിന്നുള്ള വിദഗ്ധസംഘത്തിന്റെ സേവനം ആവശ്യപ്പെടുമെന്ന് ദേവികുളം സബ് കളക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേന, ഫയർഫോഴ്സ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ തെരച്ചിൽ. മുൻ പഞ്ചായത്തംഗം അനന്തശിവൻ (57), ചിന്നത്തായി (65), ദിനേശ് കുമാർ (22), റാണി (28), വിഷ്ണു (എട്ട്), നിശാന്തിനി (20), മുത്തുലക്ഷ്മി (26), കാർത്തിക (21), മുരുകൻ, കൗശിക (15) ധനിഷ്ക , സിന്ദുജ (12), കസ്തൂരി, അശ്വന്ത് രാജ, പ്രിയദർശിനി എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.