ഇറക്കുമതി നീക്കം ഉത്പാദനക്കുറവ് ചൂണ്ടിക്കാട്ടി
പിന്നിൽ വൻ ലോബി
കട്ടപ്പന: രാജ്യത്തെ 4.88 ലക്ഷത്തോളം വരുന്ന ചെറുകിട കർഷകരെ ആശങ്കയിലാഴ്ത്തി തേയിലപ്പൊടി ഇറക്കുമതി ചെയ്യാൻ വൻകിട വ്യാപാരികളുടെ നീക്കം. ലോക്ക്ഡൗൺ മൂലം ഇന്ത്യയിൽ തേയില ഉത്പാദനം കുറഞ്ഞതും തേയിലപ്പൊടിയുടെ നേരിയ വില വർദ്ധനയും ചൂണ്ടിക്കാട്ടി ഇൻഡോനേഷ്യ, ശ്രീലങ്ക, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്ന് നിലവാരം കുറഞ്ഞ തേയിലപ്പൊടി ഇറക്കുമതി ചെയ്യാനും അത്, ഗുണനിലവാരമേറിയ ഇന്ത്യൻ തേയിലപ്പൊടിയുമായി കൂട്ടിക്കലർത്തി കയറ്റുമതി ചെയ്യാനുമാണ് ഉദ്ദേശിക്കുന്നത്.
തീരുവ കുത്തനെ വെട്ടിക്കുറച്ചുള്ള ഇറക്കുമതി, രാജ്യത്തിന് വൻതോതിൽ വിദേശനാണ്യം നേടിത്തരുന്ന ആഭ്യന്തര തേയില മേഖലയെ തകർക്കുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ലോക്ക്ഡൗൺ മൂലം മേയ്-ജൂലായ് കാലയളവിൽ ഉത്പാദനം വൻതോതിൽ കുറഞ്ഞിരുന്നു. ഫാക്ടറികൾ പൂട്ടിയതിനാൽ ചെറുകിട കർഷകരുടെ തേയിലക്കൊളുന്തും നശിച്ചു. ഈ സാഹചര്യത്തിൽ, തേയിലപ്പൊടി ഇറക്കുമതി ചെയ്യുന്നതിനെതിരെ ഉത്പാദക സംസ്ഥാനങ്ങളിലെ കർഷകർ പ്രക്ഷോഭത്തിന് ഒരുങ്ങുന്നുണ്ട്.
ഡിമാൻഡ് ഇന്ത്യന്
കേരളം, തമിഴ്നാട്, ബംഗാൾ, അസം, ത്രിപുര, ഉത്തരാഖണ്ഡ്, നാഗാലാൻഡ് എന്നിങ്ങനെ 13 സംസ്ഥാനങ്ങളിലാണ് തേയിലക്കൃഷി. ആകെ ഉത്പാദനത്തിന്റെ 32 ശതമാനം തമിഴ്നാട്ടിലും 27 ശതമാനം കേരളത്തിലുമാണ്. ലോകത്ത്, തേയില ഉത്പാദനത്തിൽ ചൈന ഒന്നാമതും ഇന്ത്യ രണ്ടാമതും വിയറ്റ്നാം മൂന്നാമതും ശ്രീലങ്ക നാലാമതുമാണ്. പക്ഷേ, നിലവാരത്തിൽ ഇന്ത്യയ്ക്കാണ് ഒന്നാംസ്ഥാനം. യൂറോപ്പിൽ ഇന്ത്യൻ തേയിലപ്പൊടിക്കാണ് ഡിമാൻഡ്.
വില മേലോട്ട്
ഒന്നര പതിറ്റാണ്ടിനുശേഷം ഇടുക്കിയിൽ പച്ചക്കൊളുന്തിന്റെ വില കിലോഗ്രാമിന് 20 രൂപയ്ക്ക് മുകളിലെത്തി. 16 രൂപയാണ് തറവിലയെങ്കിലും 23 രൂപ വരെ കർഷകർക്ക് ലഭിക്കുന്നു.