കട്ടപ്പന: കാൽവരിമൗണ്ട്, എട്ടാംമൈൽ മേഖലകളിലെ കർഷകരുടെ പക്കൽ നിന്നു ഏലക്ക വാങ്ങി പണം നൽകാതെ കബളിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു. ചെറുകിട ഏലം കർഷകർ ഉൾപ്പെടെ നിരവധി പേർക്ക് പണം നഷ്ടമായി. വിവാഹം മുടങ്ങിയ കുടുംബങ്ങളും ചികിത്സ വഴിമുട്ടി നിൽക്കുന്ന രോഗികളുമടക്കമുണ്ട്. പ്രദേശത്തെ വ്യാപാരി ഏലക്ക അവധി വ്യാപാരത്തിലൂടെ ആുകളിൽ നിന്നു അധിക വിലയ്ക്ക് ഉൽപന്നം കൈപ്പറ്റുകയും ഒരു മാസത്തിലധികം അവധി വാങ്ങി സ്ലിപ്പ് നൽകുകയുമാണ് ചെയ്തത്. കൂടുതൽ തുകയ്ക്ക് ചെക്കും നൽകിയിരുന്നു. ഇതിനുശേഷം ഇയാൾ ഒളിവിൽ പോയി. പണം കിട്ടാനുള്ളവരെ സി.പി.എം. നേതാക്കൾ ബന്ധപ്പെട്ട് പരാതി നൽകുന്നതിൽ നിന്നു പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതായും ഡി.സി.സി. പ്രസിഡന്റ് ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടക്കാത്തത് ഉന്നത രാഷ്ട്രീയ ഇടപെടൽ മൂലമാണ്. അന്വേഷണം നടത്തി കർഷകരുടെ പണം അടിയന്തരമായി ലഭ്യമാക്കിയില്ലെങ്കിൽ സമരപരിപാടിവുമായി കോൺഗ്രസ് രംഗത്തെത്തുമെന്നും ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.