പതാക ഉയർത്തൽ രാവിലെ 9ന്
ഇടുക്കി: ജില്ലാ ആസ്ഥാനമായ ഇടുക്കിയിൽ കൊവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന തികച്ചും ലളിതമായ സ്വാതന്ത്ര്യദിനാഘോഷത്തിൽ മന്ത്രി എം എം മണി രാവിലെ 9ന് ദേശീയപതാക ഉയർത്തും. പതിവിനു വിപരീതമായി കുയിലിമലയിലെ പൊലീസ് സായുധസേനാ ക്യാമ്പിലാണ് ചടങ്ങുകൾ. സബ് ഇൻസ്‌പെക്ടർ കെ. വി. ഡെന്നിയുടെ നേതൃത്വത്തിൽ പൊലീസിന്റെ മാത്രം പരിമിതമായ പരേഡ് മാത്രമാണുണ്ടായിരിക്കുക.
ചടങ്ങുകൾ രാവിലെ 8.40 ന ആരംഭിക്കും. 8.59 ന് വിശിഷ്ടവ്യക്തി സല്യൂട്ട് സ്വീകരിക്കും. ക്ഷണിക്കപ്പെട്ടവർക്കും മാദ്ധ്യമപ്രവർത്തകർക്കും മാത്രമാണ് ചടങ്ങിൽ പ്രവേശനം. കൊവിഡ് ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി കുട്ടികളും മുതിർന്നവ്യക്തികളും ചടങ്ങിൽ പങ്കെടുക്കാൻ പാടില്ല. ഡീൻ കുര്യാക്കോസ് എംപി, റോഷി അഗസ്റ്റിൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമി, അസി. കളക്ടർ സൂരജ്ഷാജി തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും. ചടങ്ങ് ജില്ലാ കളക്ടറുടെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ഫേസ്ബുക്ക് അക്കൗണ്ടിൽ തത്സമയം സംപ്രേഷണം ചെയ്യും.