പ്രഖ്യാപനം ഇന്ന്

തൊടുപുഴ: ജില്ലയിലെ അഞ്ച് ഗ്രാമപ്പഞ്ചായത്തുകൾ സമ്പൂർണ്ണ ശുചിത്വ പദവിയിലേയ്ക്ക്.ആലക്കോട്, കുമളി, വെള്ളിയാമറ്റം, നെടുങ്കണ്ടം,പുറപ്പുഴ ഗ്രാമപ്പഞ്ചായത്തുകളാണ് ഹരിതകേരളം വിഭാവനം ചെയ്യുന്ന സമ്പൂർണ്ണ സമഗ്ര മാലിന്യ പരിപാലന പരിപാടിയുടെ വിവിധ ഘടകങ്ങൾ പൂർത്തിയാക്കി സ്വന്തം നിലയിൽ സമ്പൂർണ്ണ ശുചിത്വ പദവി പ്രഖ്യാപനം നടത്തുന്നത്.വെള്ളിയാമാറ്റം പഞ്ചായത്തിൽ ഇന്ന് രാവിലെ എട്ടരയ്ക്ക് പ്രസിഡന്റ് ഷീബാ രാജശേഖരനും, ആലക്കോട് ഉച്ചയ്ക്ക് രണ്ടിന് പ്രസിഡന്റ് ടോമി കാവാലവും കുമളിയിൽ രാവിലെ 11ന് പ്രസിഡന്റ് ഷീബ സുരേഷും പുറപ്പുഴയിൽ രാവിലെ 10.30ന് പ്രസിഡന്റ് ഏലിക്കുട്ടി മാണിയുമാണ് ശുചിത്വ പദവി പ്രഖ്യാപനം നടത്തുന്നത്.നെടുങ്കണ്ടത്ത് ശുചിത്വ പദവി പ്രഖ്യാപനം നടത്തി.
സമഗ്ര മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള 20 വിലയിരുത്തൽ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പഞ്ചായത്തുകൾ സമ്പൂർണ്ണ ശുചിത്വ പദവി നേടുന്നത്.ഹരിതകർമ്മ സേനയുടെ രൂപീകരണം, വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവമാലിന്യങ്ങൾ ശേഖരിക്കൽ,യൂസർ ഫീ നൽകുന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം,വീടുകളിലെയും സ്ഥാപനങ്ങളിലെയും ഉറവിട ജൈവമാലിന്യ സംസ്‌കരണോപാധികളുടെ എണ്ണം, അജൈവ മാലിന്യങ്ങളുടെ ശേഖരണം,സംഭരണം, കൈയ്യൊഴിയൽ, എംസിഎഫുകളുടെ എണ്ണം, ആർആർഎഫ് ലിങ്കേജ്,പൊതുശുചിമുറികളുടെ എണ്ണം,ഖര ദ്രവ്യ മാലിന്യ പരിപാലന നിയമം നടപ്പിലാക്കൽനിയമനടപടികൾ, ഗ്രീൻപ്രോട്ടോക്കോൾ, പ്ലാസ്റ്റിക്ക് നിരോധനം, ബദൽ ഉൽപ്പന്ന വിതരണം,ബഹുജന വിദ്യാഭ്യാസ പരിപാടികൾ നടപ്പിലാക്കൽ, പൊതുനിരത്തിലെയും ജലാശങ്ങളിലെയും മാലിന്യക്കൂമ്പാരങ്ങൾ തുടങ്ങിയ 20 ഘടകങ്ങളാണ് സമ്പൂർണ്ണ ശുചിത്വ പദവിയ്ക്കുള്ള മാനദണ്ഡങ്ങൾ. ഇവയിൽ ഓരോന്നിനും അഞ്ച് മാർക്ക് വീതം ആകെ 100 മാർക്കാണ് ഉള്ളത്. എല്ലാ ഘടകങ്ങളിലുമായി 60 മാർക്ക് നേടി ഗ്രാമപ്പഞ്ചായത്തുകളെയാണ് സമ്പൂർണ്ണ ശുചിത്വ പദവി നൽകുന്നത്.