പീരുമേട്: താലൂക്കിലെ തേയില തോട്ടങ്ങളിൽ യഥാസമയം ശമ്പളം നൽകുന്നത് സംബന്ധിച്ച് ജില്ലാ ലേബർ ഓഫീസറും തൊഴിലാളി തൊഴിലുടമ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലെടുത്ത തീരുമാനങ്ങൾ നടപ്പിലാക്കിയതായി പ്ലാന്റേഷൻസ് ചീഫ് ഇൻസ്‌പെക്ടർ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

തീരുമാനം നടപ്പാക്കിയിട്ടില്ലെന്ന പരാതിക്ക് അടിയന്തിരമായി ശാശ്വത പരിഹാരം കാണണമെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ ആവശ്യപ്പെട്ടു.

ബെഥേൽ പ്ലാന്റേഷൻസ്, മിൽ ഗ്രാം പ്ലാന്റേഷൻ, ചൂരക്കുളം എസ്റ്റേറ്റ് എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് യഥാസമയം ശമ്പളം നൽകുന്നില്ലെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാട സ്വാമി സമർപ്പിച്ച പരാതിയിലാണ് നടപടി. ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.