kuvi1

മൂന്നാർ: പെട്ടിമുടിയിലെ ദുരന്തത്തിൽ കുടുംബത്തോടൊപ്പം കാണാതായ രണ്ടു വയസുകാരി ധനുഷ്കയെ കളിക്കൂട്ടുകാരനായ വളർത്തുനായ കുവി ഒടുവിൽ കണ്ടെത്തി. വീടിരുന്ന സ്ഥലത്തുനിന്ന് നാലു കിലോമീറ്റർ മാറി പുഴയിലെ പാലത്തിനടിയിൽ കുറുകെകിടന്ന മരത്തിൽ തങ്ങിയ നിലയിലായിരുന്നു മൃതദേഹം. ദുരന്തം നടന്ന് എട്ടാം നാളായ ഇന്നലെ ഇതിനടുത്തുള്ള ഗ്രാവൽ ബങ്ക് സ്ഥലത്ത് തെരച്ചിൽ നടത്തുകയായിരുന്ന പൊലീസുകർ അടക്കമുള്ള സംഘം കണ്ടത് നദിയിലേക്കു നോക്കി മൂകമായി നിൽക്കുന്ന വളർത്തുനായയെയാണ്. ദൈന്യഭാവത്തിൽ നിൽക്കുന്നതു കണ്ട് സംശയം തോന്നിയ രക്ഷാപ്രവർത്തകർ നദിയിൽ ഇറങ്ങി തെരച്ചിൽ നടത്തുകയായിരുന്നു. കുട്ടിയെ കണ്ടെത്തി പുറത്തെത്തിച്ചെങ്കിലും നായ പിൻമാറാതെ പരിസരത്ത് തങ്ങുകയാണ്. ധനുഷ്കയുടെ ചേച്ചിയും ഏഴുവയസുകാരിയുമായ പ്രിയദർശിനിയെയും മാതാവ് കസ്തൂരിയെയും ഇനിയും കണ്ടെത്തിയിട്ടില്ല.

കുട്ടിയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ആ കുടുംബത്തിൽ ജീവനോടെയുള്ളത്.അച്ഛൻ പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

പ്രിയദർശനിയുമായി പുതുവർഷ ദിനത്തിൽ അവളുടെ വീടിനു മുന്നിൽ വച്ച് സൗഹൃദം പങ്കിട്ടതിനെ കുറച്ച് കേരള കൗമുദി ഫോട്ടോഗ്രാഫർ ബാബു സൂര്യ ദിവസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.

മരണം

56 ആയി

ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ 56 ആയി. ഇന്നലെ നടത്തിയ തിരച്ചിലിൽ രണ്ടുവയസുകാരി ധനുഷ്കയുടെ മൃതദേഹം മാത്രമാണ് കണ്ടെത്താനായത്. ഇനി 14 പേരെയാണ് കണ്ടെത്താനുള്ളത്. തെരച്ചിൽ വരും ദിവസങ്ങളിലും തുടരും. പെട്ടിമുടിയിലെ പുഴയിലും ഗ്രാവൽ ബങ്കിലുമാണ് തിരച്ചിൽ നടക്കുന്നത്. കൂടുതൽ മണ്ണ് ഒഴുകിയെത്തി അടിഞ്ഞുകൂടിയ പ്രദേശത്ത് മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചും തിരച്ചിൽ നടത്തുന്നുണ്ട്. ഉരുൾപൊട്ടലുണ്ടായ സമയത്ത് വെള്ളം കയറിയ വനമേഖലകളിലും തെരച്ചിൽ നടത്തുന്നുണ്ട്.