vandanmedu

കട്ടപ്പന: വണ്ടൻമേട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമാണത്തിലിരുന്ന മെഡിക്കൽ ലാബ് കെട്ടിടം ഇടിഞ്ഞുതാഴ്ന്നു. ആശുപത്രി മാലിന്യം തള്ളുന്ന കുഴിയുടെ മുകളിൽ പണിത കെട്ടിടത്തിന്റെ ഒരുവശമാണ് കഴിഞ്ഞദിവസം തകർന്നത്. ഭിത്തികളും വിണ്ടുകീറിയ നിലയിലാണ്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ കഴിഞ്ഞ വാർഷിക പദ്ധതിയിൽ പ്പെടുത്തിയാണ് കെട്ടിട നിർമാണം ആരംഭിച്ചത്. നാലടി താഴ്ചയുള്ള മാലിന്യക്കുഴിയുടെ മുകളിൽ ഒന്നരയടി താഴ്ചയിൽ മാത്രം അടിത്തറ പണിതത് ബലക്ഷയത്തിനിടയാക്കി. കഴിഞ്ഞദിവസം കെട്ടിടത്തിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ചിരുന്നു. തുടർന്ന് ശൗചാലയങ്ങളുടെ ജോലികൾ നടക്കുന്നതിനിടെ കഴിഞ്ഞദിവസം ഇടിഞ്ഞുതാഴുകയായിരുന്നു.
കെട്ടിട നിർമാണത്തിൽ അഴിമതി ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. മാലിന്യക്കുഴിയുടെ മുകളിൽ നിർമാണം ആരംഭിച്ചിട്ടും കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗം നടപടി സ്വീകരിച്ചില്ല. മണ്ണ് മൂടിക്കിടന്നിരുന്നതിനാൽ മാലിന്യക്കുഴി കരാറുകാരന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടെ ആശുപത്രിയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരെ ആശുപത്രി അധികൃതർ തടഞ്ഞു.

ഇടിഞ്ഞഭാഗം പൊളിച്ചുമാറ്റി പുതിയ ശൗചാലയം പണിയുമെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി അറിയിച്ചു.