കട്ടപ്പന: കൊവിഡ് സ്ഥിരീകരിച്ച കട്ടപ്പന നരിയംപാറ സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 30ലധികം പേർ. എന്നാൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇടുക്കിക്കവലയിലുള്ള ഹോട്ടലിലാണ് ഇയാൾ ജോലി ചെയ്യുന്നത്. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ഹോട്ടൽ താത്കാലികമായി അടപ്പിച്ചു. സഹപ്രവർത്തകരും കുടുംബാംഗങ്ങളുമടക്കം നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങളെ തുടർന്ന് ബുധനാഴ്ചയാണ് സ്രവം എടുത്ത് പരിശോധനയ്ക്ക് അയച്ചത്. കഴിഞ്ഞദിവസങ്ങളിലും ഇദ്ദേഹം ഹോട്ടലിൽ ജോലി ചെയ്തിരുന്നു. നേരത്തെ മാവേലിക്കരയിലെ ബന്ധുവീടുകൾ സന്ദർശിച്ചിരുന്നു. ഇവിടെ നിന്നു രോഗം പകർന്നതാകാമെന്നാണ് നിഗമനം. ഒരിടവേളയ്ക്കുശേഷം വീണ്ടും നഗരത്തിൽ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ പ്രവർത്തകർ ജാഗ്രതയിലാണ്.