തൊടുപുഴ: ഇന്നത്തെ സ്വാതന്ത്ര്യദിനം തനിമ സോഷ്യൽ റോൾ മോഡൽ ഡേ ആയി ആചരിക്കുന്നു. സമൂഹത്തിലെ വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും. മികച്ച ജനോപകാര പ്രതിനിധികളായി തൊടുപുഴ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട്, തൊടുപുഴ നഗരസഭ രണ്ടാം വാർഡ് കൗൺസിലർ കെ. ഗോപാലകൃഷ്ണൻ, 19ാം വാർഡ് കൗൺസിലർ കെ.എം ഷാജഹാൻ എന്നിവരെ തിരഞ്ഞെടുത്തു. കോവിഡ് കാലഘട്ടത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച മുട്ടം സി.എച്ച്.സിക്ക് പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കും. മികച്ച കർഷക സ്‌നേഹി അവാർഡിന് കാഡ്‌സ് ചെയർമാൻ കെ.ജി ആന്റണി കണ്ടിരിക്കൽ അർഹനായി. ബാംഗ്ലൂർ ആസ്ഥാനമായുള്ള ജെയിൻ യൂണിവേഴ്‌സിറ്റിയിൽ നാനോ ടെക്‌നോളജിയിൽ പി.എച്ച്.ഡി ചെയ്യുന്ന സ്യാം കൃഷ്ണനായിരുന്നു തനിമയുടെ റ്റാലന്റ് എക്‌സാം കൺട്രോളർ ശ്യാമിനെയും ചടങ്ങിൽ ആദരിക്കും. വഴിത്തല ശാന്തിഗിരി കോളേജിലെ ഗോകുൽ.ജെ.നായർ, കരിമണ്ണൂർ നിർമ്മല പബ്‌ളിക് സ്‌കൂളിലെ നന്ദന ജെ. നായർ എന്നിവരാണ് തനിമയുടെ ടാലെന്റ് എക്‌സാമിനേഷന്റെ ചോദ്യപേപ്പർ തയ്യാറാക്കിയത്. ഇവരെയും ചടങ്ങിൽ ആദരിക്കും. തൊടുപുഴ താലൂക്കിലെ ഏറ്റവും മികച്ച പ്ലസ്ടു വിദ്യാർത്ഥിയായി കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ എത്സ രാജുവിനെയും , പത്താം ക്ലാസിലെ മികച്ച വിദ്യാർത്ഥിയായി വണ്ണപ്പുറം എസ്.എൻ.എം.വി.എച്ച്.എസിലെ അമീന എം.എയും, സി.ബി.എസ്.ഇ പത്താം ക്ലാസിലെ മികച്ച വിദ്യാർത്ഥിയായി തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂളിലെ അനാമിക ജീവനെയും തിരഞ്ഞെടുത്തു. തനിമ നടത്തിയ ടാലെന്റ് എക്‌സാമിനേഷൻ വിജയികളായവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മെമെന്റോയും നൽകും.