തൊടുപുഴ: ഉറവിട മാലിന്യ സംസ്‌കരണം എല്ലാ വീടുകളിലേക്കും നടപ്പാക്കുന്നതിന്റെ ഭാഗമായി മാലിന്യമുക്ത പുറപ്പുഴ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
തൊടുപുഴ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ നെടിയശാല വാർഡിൽ തുടക്കം കുറിച്ച ഉറവിട മാലിന്യ സംസ്‌കരണം ഹരിതഗ്രാമം പദ്ധതിയുടെ അടുത്തഘട്ടമെന്ന നിലയിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലും നടപ്പാക്കാൻ കർമ്മ പദ്ധതി തയ്യാറാക്കിയത്.
ഇതിനായി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് വിഹിതമായി 2000000 രൂപായും ശുചിത്വമിഷന്റെ വിഹിതമായി 1100000 രൂപായും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5000000 രൂപായും വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള ബയോ കംപോസ്റ്റ് ബിൻ, ബയോ ഡൈജസ്റ്റർ പോട്ട് എന്നിവ പാലക്കാട് ഐ.ആർ.ടി.സി. എന്ന സ്ഥാപനം വിതരണം ചെയ്യും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി കമ്പോസ്റ്റ് പിറ്റ് നിർമ്മിച്ച് നൽകും.
ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങ് പി.ജെ.ജോസഫ് എം.എൽ.എ.ഉദ്ഘാടനം ചെയ്തു.ഇതോടൊപ്പം 18 ലക്ഷം രൂപാ മുടക്കി ഇടുക്കി ജില്ലാ പഞ്ചായത്ത് വഴിത്തലയിൽ നിർമിച്ച പൊതു ടോയിലെറ്റ് കോംപ്ലക്‌സിന്റെ ഉദ്ഘാടനവും എം.എൽ.എ. നിർവഹിച്ചു. ചടങ്ങുകളിൽ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ മുഖ്യ പ്രഭാഷണം നടത്തി. ഹരിത കേരള മിഷൻ ജില്ലാ കോ.ഓർഡിനേറ്റർ ഡോ. ജി.എസ്. മധു വിഷയാവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റനീഷ് മാത്യു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടോമിച്ചൻ മുണ്ടുപാലം, ബിന്ദു ബെന്നി, സുജ സലിം കുമാർ,പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി എ.ആർ. ഉഷ തുടങ്ങിയവർ സംസാരിച്ചു.