ജില്ലാ ആസ്ഥാനത്ത് സ്വാതന്ത്യദിനാഘോഷം
ഇടുക്കി: സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തവരെ ആദരവോടെ ഓർക്കുന്ന വേളയിൽ ഭാരതത്തിന്റെ പരമാധികാരം സംരക്ഷിക്കാനും കൊവിഡിനെതിരെ പോരാടാനും ഏവരും പ്രതിജ്ഞാബദ്ധരാകണമെന്ന് മന്ത്രി എം.എം.മണി സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
ലോകത്താകെ രോഗവ്യാപനം വർദ്ധിച്ചു വരികയാണ്. സംസ്ഥാനത്ത് ഏറ്റവും ഫലപ്രദമായ പ്രവർത്തനമാണ് സർക്കാരും വിവിധ രാഷ്ട്രീയസന്നദ്ധ സംഘടനകളും ചേർന്ന് നടത്തുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം മഹത്തരമാണ്. കൊവിഡിനെ തുടർന്ന് ലോകം നേരിടാൻ പോകുന്നത് പട്ടിണിയും ദാരിദ്ര്യവുമാണ്. ഇത് മുന്നിൽ കണ്ട് ഭക്ഷ്യ ഉത്പ്പാദന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആഹ്വാനം വിജയകരമായി മുന്നേറുന്നതായും അദ്ദേഹം പറഞ്ഞു.. ജില്ലാ ആസ്ഥാനമായ കുയിലിമലയിലെ പൊലീസ് സായുധസേനാ ക്യാമ്പിൽ സ്വാതന്ത്യദിനാഘോഷത്തിൽ മന്ത്രി എം. എം. മണി ദേശീയപതാക ഉയർത്തി.വിശിഷ്ടവ്യക്തികൾ സല്യൂട്ട് സ്വീകരിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എംപി, റോഷി അഗസ്റ്റിൻ എം എൽ എ, ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമി, അസി. കളക്ടർ സൂരജ് ഷാജി, എഡിഎം ആന്റണി സ്‌കറിയ തുടങ്ങിയവരും ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.